ചൈനയില്‍ അടിച്ചമര്‍ത്തലുകള്‍ക്ക് ഇനി ജനം പുല്ലുവില പോലും കല്‍പ്പിക്കില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഓരോ മാസങ്ങളിലും അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനയിലെ ബാങ്കുകള്‍ക്ക് മുന്നില്‍ സ്വന്തം നിക്ഷേപങ്ങള്‍ തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിയാഞ്ഞതോടെ സൈനിക ടാങ്കുകള്‍ നിരത്തിലിറക്കേണ്ടി വന്നിരുന്നു ഭരണകൂടത്തിന്. പിന്നാലെ അവധി ദിനങ്ങള്‍ നല്‍കാതെ മണിക്കൂറുകളോളം ജോലി ചെയ്യിക്കുന്നതിനെതിരെ തൊഴിലാളികള്‍ സംഘടിച്ചിരുന്നു. ഭരണകൂടത്തെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങള്‍ മാത്രം സജീവമായ ചൈനയില്‍ സോഷ്യല്‍ മീഡിയകള്‍ മാത്രമാണ് എപ്പോഴും ശരിയായ സംഭവങ്ങള്‍ എന്താണെന്ന് പുറത്തുവിടുന്നത്.
പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതിനാല്‍ ഭരണകൂടം ആകെ ആശങ്കയിലായ അവസ്ഥയിലാണ്. കടുത്ത കോവിഡ് നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്ന ചൈനയില്‍ ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധങ്ങള്‍ കനക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഷാങ്ഹായില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ‘ലോക്ഡൗണ്‍ അവസാനിപ്പിക്കുക’യെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഇവിടെയും തീര്‍ന്നില്ല ‘ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മടുത്തു, ഷി ചിന്‍പിങ്ങിനെ മടുത്തു, ഉംറുകിയെ സ്വതന്ത്രമാക്കൂ’ എന്നിങ്ങനെയാണ് മറ്റ് മുദ്രാവാക്യങ്ങള്‍. ഇപ്പോള്‍ നിരത്തുകളില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ കോളേജ് ക്യാമ്പസുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
പതിറ്റാണ്ടുകളായി ഒരു എതിരാളിയുമില്ലാതെ ജനങ്ങളെ അടിച്ചമര്‍ത്തി ഭരിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ഡസന്‍ കണക്കിന് ക്യാമ്പസുകളില്‍ നിന്നുയരുന്ന പ്രതിഷേധം ആശങ്ക ഉണ്ടാക്കുകയാണ്. ചൈനയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും സാമ്പത്തിക കേന്ദ്രവുമായ ഷാങ്ഹായി നഗരത്തിലെ വുലുമുഖി റോഡിലാണ് ശനിയാഴ്ച രാത്രിയും ആളുകള്‍ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. അതിനിടയില്‍ ഉറുംഖിയിലെ തീപിടുത്തം കൂടിയായതോടെ പ്രതിഷേധം ശക്തിപ്പെട്ടു.
വ്യക്തമായി പറഞ്ഞാല്‍ അമ്പതോളം കോളേജ് ക്യാമ്പസുകളില്‍ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിന്റെ നിരവധി വീഡിയോകളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നതും. പ്രസിഡന്റ് ഷീ ജിന്‍പിംഗ് പഠിച്ചിറങ്ങിയ സിംഗുവ സര്‍വകലാശാലയിലെ കുട്ടികള്‍ തങ്ങള്‍ക്ക് ജനാധിപത്യം വേണം, നിയമത്തില്‍ അധിഷ്ഠിതമായ ഭരണം വേണം, അഭിപ്രായ സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യം വിളിച്ചാണ് ഭരണകൂടത്തെ വെല്ലുവിളിച്ചിരിക്കുന്നത്. ഈ വാരാന്ത്യത്തില്‍, പടിഞ്ഞാറന്‍ സിചുവാന്‍ യൂണിവേഴ്സിറ്റി മുതല്‍ കിഴക്ക് നാന്‍ജിംഗ് കമ്മ്യൂണിക്കേഷന്‍സ് യൂണിവേഴ്സിറ്റി വരെ രാജ്യത്തുടനീളം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധങ്ങള്‍ക്കായി ഒത്തുകൂടി.
ഭൂമി കൈയേറ്റം മുതല്‍ പരിസ്ഥിതി മലിനീകരണം വരെയുള്ള പ്രശ്നങ്ങള്‍ക്കെതിരെ ചൈനയില്‍ പ്രാദേശിക തലത്തിലുള്ള പ്രതിഷേധം സാധാരണയാണെങ്കിലും, ഇപ്പോള്‍ അതേ വിഷയത്തില്‍ ദേശീയ തലത്തിലും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നയത്തിന് നേര് വിപരീതമായി പ്രമുഖ നഗരങ്ങളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കടുന്നു. കഴിഞ്ഞ മാസം, തന്റെ മൂന്നാം ടേമിന്റെ തുടക്കം കുറിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സീറോ-കോവിഡ് നയത്തെ മിസ്റ്റര്‍ ഷി ന്യായീകരിച്ചിരുന്നു. എന്നാല്‍ രണ്ടുകല്‍പ്പിച്ച് തന്നെയാണ് ചൈനയിലെ ജനങ്ങള്‍.