പാകിസ്താനിലുടനീളം വൈദ്യുതി ബന്ധം താറുമാറായി. നാഷണല്‍ ഗ്രിഡിന്റെ ഫ്രീക്വന്‍സി കുറഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്തുടനീളം വൈദ്യുതി വിതരണം തകരാറിലായതെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനച്ചെലവ് ലാഭിക്കുന്നതിനുള്ള നടപടിയെന്ന നിലയില്‍ ശൈത്യകാലത്ത് രാത്രികാലങ്ങളില്‍ വൈദ്യുതി ഉത്പാദന യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരുന്നു. ഇതാണ് ഗ്രിഡ് തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ഊര്‍ജ മന്ത്രി ഖുറും ദസ്തഗിറിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ യൂണിറ്റുകള്‍ ഓരോന്നായി ഓണാക്കിയപ്പോള്‍, രാജ്യത്തിന്റെ പലഭാഗങ്ങളിലും ഫ്രീക്വന്‍സി വ്യതിയാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വോള്‍ട്ടേജില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി, ഇതോടെ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
പെഷവാര്‍ ഇലക്ട്രിക് സപ്ലൈ കമ്പനിയും (പെസ്‌കോ) ഇസ്ലാമാബാദ് ഇലക്ട്രിക് സപ്ലൈ കമ്പനിയും (ഐഇഎസ്സിഒ) അവരുടെ ചില ഗ്രിഡുകളും ഇതിനകം പുനഃസ്ഥാപിച്ചതായി മന്ത്രി അവകാശപ്പെട്ടു. കറാച്ചിയില്‍ ചില സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് മാസത്തിനിടെ പാകിസ്താനില്‍ ഇത്തരത്തില്‍ രണ്ടാം തവണയാണ് വ്യാപക വൈദ്യുതി തകരാര്‍ സംഭവിക്കുന്നത്. ഇതോടെ ഫോണുകളും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പാകിസ്ഥാനിലെ ജനങ്ങള്‍. സ്വന്തക്കാരയോ ബന്ധുക്കളേയോ ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണവര്‍. അതേസമയം പാകിസ്ഥാനില്‍ ഭക്ഷ്യ ക്ഷാമവും രൂക്ഷമാവുകയാണ്. പാകിസ്ഥാനിലെ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് ഗോതമ്പ് . നിലവില്‍ കടകളില്‍ നിന്ന് ലഭ്യമാകുന്ന ഗോതമ്പിന്റെ വില ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. കറാച്ചിയില്‍ ഒരു കിലോഗ്രാം ഗോതമ്പിന്റെ വില 140 മുതല്‍ 160 രൂപ വരെയാണ്. അതേസമയം പഞ്ചാബ് പ്രവിശ്യയില്‍ ഗോതമ്പ് മില്ലുടമകള്‍ വിലയുയര്‍ത്തിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
കിലോഗ്രാമിന് 160 രൂപയായാണ് ഇവിടെ വില.പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായിട്ടാണ് ഗോതമ്പ് വില കുതിച്ചുയരുന്നത്. രാജ്യം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി, രൂപയുടെ ഇടിവ്, പണപ്പെരുപ്പം എന്നിവ രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് രാജ്യത്തെ നടുക്കിയ വെള്ളപ്പൊക്കവും ഊര്‍ജപ്രതിസന്ധിയുമുണ്ടായത്. ഇത് സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു. 2022ല്‍ വെള്ളപ്പൊക്കമുണ്ടാക്കിയ നഷ്ടങ്ങളില്‍ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ടുതന്നെ പാകിസ്ഥാന്റെ വിദേശ കരുതല്‍ശേഖരം ആറ് ബില്യണ്‍ ഡോളറിന്റെ താഴേക്ക് വന്നു. ഡിസംബറില്‍ ഇത് 5.5 ബില്യണ്‍ ഡോളറായി ഇടിഞ്ഞു.
ശ്രീലങ്കയില്‍ രൂക്ഷമായ സ്ഥിതിവിശേഷം ഇതുപോലുള്ള സാഹചര്യത്തിലാണ് ഉണ്ടായത്. പാകിസ്ഥാന് ഇപ്പോള്‍ മൂന്നാഴ്ചക്കാലത്തെ ഇറക്കുമതിക്ക് ആവശ്യമായ പണമേ കരുതല്‍ശേഖരത്തില്‍ ഉള്ളൂ. വിദേശകടത്തിന്റെ തിരിച്ചടവ്, അത്യാവശ്യ മരുന്നുകളുടേയും ഭക്ഷ്യവസ്തുക്കളുടേയും ഇറക്കുമതി തുടങ്ങിയവയെല്ലാം അവതാളത്തിലാകാന്‍ പോകുന്നു എന്നാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.