ഇന്ത്യയെ കൂട്ടുപിടിച്ച് തങ്ങള്‍ക്കെതിരെ നീങ്ങേണ്ടെന്നും അതിര്‍ത്തി പ്രശ്നങ്ങളിലിടപെടരുതെന്നും അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ പ്രതിരോധ വിഷയത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൈനയ്ക്കെതിരെ നീങ്ങുന്നതിനെ പ്രതിരോധിക്കാനാണ് ബീജിംഗിന്റെ നീക്കം.
അതിര്‍ത്തിയില്‍ ഇന്ത്യയ്ക്കെതിരെ ചൈനയുടെ നീക്കങ്ങളെല്ലാം ദുരൂഹമാണ്. ബീജിംഗ് ഏഷ്യന്‍ മേഖലയെ അസ്വസ്ഥമാക്കുകയാണ്.
ഇന്ത്യയുടെ അതിര്‍ത്തി വിഷയത്തില്‍ സൈനിക പിന്മാറ്റവും അതിര്‍ത്തിയിലെ നിര്‍മ്മാണ രീതികളും ചര്‍ച്ചകളിലെടുത്ത തീരുമാനത്തില്‍ നിന്നും വിഭിന്നമാണ്. ധാരണകളെ തീര്‍ത്തും അവഗണിക്കുന്ന തരത്തിലാണ് ബീജിംഗ് പെരുമാറുന്നതെന്നും പെന്റഗണ്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ യാണ് ബീജിംഗിന്റെ മുന്നറിയിപ്പ്. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് അമേരിക്ക ശക്തമായി സഹകരിക്കുന്നതാണ് ബീജിംഗിനെ അസ്വസ്ഥമാക്കുന്നത്.
നിലവില്‍ ഹിമാലായന്‍ മേഖലയിലെ ഔലിയില്‍ നടന്നുവരുന്ന സംയുക്ത സൈനിക അഭ്യാസവും ചൈന ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. അതിര്‍ത്തിയില്‍ നിന്നും കേവലം 100 കിലോമീറ്റര്‍ മാത്രം ദൂരത്താണ് ഇന്ത്യ-യുഎസ് യുദ്ധ് അഭ്യാസ് നടക്കുന്നതെന്നതും ബീജിംഗിനെ അസ്വസ്ഥമാക്കിയ വസ്തുതകളാണ്. ഇന്ത്യ യുഎസ് സേനകള്‍ സംയുക്തമായി ഉത്തരാഖണ്ഡിലെ ഔലിയില്‍ നടക്കുന്ന യുദ്ധ് അഭ്യാസ് ചൈനയും ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ സഹായിക്കില്ലെന്നാണ് ചൈന ഇപ്പോള്‍ പറയുന്നത്. ഇന്ത്യയും ചൈനയുമായി 1993, 1996 എന്നീ വര്‍ഷങ്ങളില്‍ ഒപ്പുവച്ച കരാറുകള്‍ ലംഘിക്കുന്നതാണ് എല്‍എസിയില്‍ നടക്കുന്ന യുഎസ് ഇന്ത്യ സംയുക്ത സൈനിക അഭ്യാസമെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയന്‍ അഭിപ്രായപ്പെട്ടു.
നവംബര്‍ പതിനാറിന് ആരംഭിച്ച യുദ്ധ് അഭ്യാസ് പതിനഞ്ച് ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. ലൈന്‍ ഒഫ് ആക്ച്വല്‍ കണ്ട്രോളില് നിന്നും നൂറുകിലോമീറ്റര്‍ അകലെയാണ് ഈ സൈനിക അഭ്യാസം നടക്കുന്നതെന്നതാണ് ചൈനയ്ക്ക് ഇഷ്ടപ്പെടാത്തത്. ലവന്ത് എയര്‍ബോണ്‍ ഡിവിഷന് സെക്കന്റ് ബ്രിഗേഡിലെ യുഎസ് സൈനികരും ആസാം റെജിമെന്റിലെ ഇന്ത്യന്‍ സൈനികരുമാണ് അഭ്യാസത്തില്‍ ഇത്തവണ പങ്കെടുത്തത്.
ഈ അഭ്യാസത്തിന്റെ ഭാഗമായി തന്നെ കമാന്റ് പോസ്റ്റ് എക്സര്‍സൈസ് ആന്റ് എക്സപര്‍ട്ട് അക്കാദമിക്ക് ഡിസ്കഷന്‍സും നടന്നിട്ടുണ്ട്.ഫീല്‍ഡ് ട്രെയിനിംഗ് എക്സര്‍സൈസിന്റെ പരിധിയില്‍ സംയോജിത യുദ്ധ ഗ്രൂപ്പുകളുടെ മൂല്യനിര്‍ണ്ണയം, ഫോഴ്സ് മള്‍ട്ടിപ്ലയറുകള്‍, നിരീക്ഷണ ഗ്രിഡുകളുടെ സ്ഥാപനവും പ്രവര്‍ത്തനവും, പ്രവര്‍ത്തന ലോജിസ്റ്റിക്സിന്റെ മൂല്യനിര്‍ണ്ണയം, പര്‍വത യുദ്ധ നൈപുണ്യങ്ങള്‍, അപകടങ്ങളെ ഒഴിപ്പിക്കല്‍, പ്രതികൂല ഭൂപ്രദേശങ്ങളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും മെഡിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടുന്നു.
കോംബാറ്റ് എഞ്ചിനീയറിംഗ്, യുഎഎസ്/കൗണ്ടര്‍ യുഎഎസ് ടെക്നിക്കുകള്‍, ഇന്‍ഫര്‍മേഷന്‍ ഓപ്പറേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോരാട്ട വൈദഗ്ധ്യത്തിന്റെ വിശാലമായ സ്പെക്ട്രത്തിലെ കൈമാറ്റങ്ങളും പരിശീലനങ്ങളും ഈ അഭ്യാസത്തില്‍ ഉള്‍പ്പെടുന്നു.ഇരു സേനകള്‍ക്കും അവരുടെ വിശാലമായ അനുഭവങ്ങളും വൈദഗ്ധ്യങ്ങളും പങ്കുവയ്ക്കാനും വിവര കൈമാറ്റത്തിലൂടെ അവരുടെ സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്താനും ഈ അഭ്യാസം ലക്ഷ്യമിടുന്നു. ഇതൊക്കെയാണ് ചൈനയെ ഭയപ്പെടുത്തുന്നതും.