ചൈനയ്ക്ക് ഒപ്പം ചേര്‍ന്ന് ഇന്ത്യയെ പിന്തള്ളിയ ശ്രീലങ്ക സാമ്പത്തിക വാണിജ്യ തകര്‍ച്ച നേരിട്ടപ്പോള്‍ ധാന്യങ്ങളും ഇന്ധനവും പ്രതിരോധ സുരക്ഷാ സംവിധാനവും മരുന്നും നല്‍കി രക്ഷകനായത് അതേ ഇന്ത്യ തന്നെയാണ്. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാനാണ് ദൈവം പറഞ്ഞിരിക്കുന്നത് അത് ഇന്ത്യ ചെയ്തു. അയല്‍ക്കാരനെ നിലയില്‍ ബന്ധം തകരാതെ ഇന്ത്യ ശ്രീലങ്കയ്‌ക്കൊപ്പം നിന്നു ജി 20 അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ശ്രീലങ്കയെ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്നാണ് സൂചന. മൂന്നു വന്‍ പദ്ധതികളാണ് ശ്രീലങ്കയെ കരുവാക്കി ഇന്ത്യക്കെതിരെ ചൈന ദ്വീപ് രാഷ്ട്രത്തില്‍ ആരംഭിച്ചത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യയെ വളഞ്ഞുപിടിക്കാം എന്ന ചൈനീസ് പദ്ധതി നടപ്പിലാകാതെ പോയി. ക്വാഡ് സഖ്യം രൂപീകരിക്കപ്പെടുമെന്ന് സ്വപ്‌നത്തില്‍ പോലും ചൈന കരുതിയില്ല. അതിനിടയില്‍ തന്നെ നാവികശക്തിയായി ഇന്ത്യ പതിന്‍മടങ്ങ് ശക്തിയാര്‍ജ്ജിച്ചു. ഇതും ചൈനയ്‌ക്കേറ്റ അഘാതമായിരുന്നു. ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണയാണ് ചൈനയെ ശ്രീലങ്കയില്‍ മുതല്‍ മുടക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതിന്റെ മൂലകാരണം.
ഹംബന്തോട്ട തുറമുഖം, കൊളംബോ സ്മാര്‍ട്ട് സിറ്റി, മാത്താല ദ്വീപിലെ വിമാനത്താവളം ഇവയെല്ലാം വിഭാവനം ചെയ്ത് വമ്പന്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ച ചൈനയ്ക്ക് ഇപ്പോള്‍ നന്നായി അറിയാം ഭരണപരമായതോ വാണിജ്യപരമായതോ ആയ മികവില്ലാത്ത ശ്രീലങ്കന്‍ ഭരണകൂടത്തിന് ഒരു പദ്ധതിയും നടപ്പിലാക്കാനുള്ള ശേഷിയില്ല. മാത്താല ദ്വീപില്‍ ചൈന നിര്‍മിച്ച വിമാനത്താവളം ലോകത്തിലെ തന്നെ ഏറ്റവും വിജനമായ വിമാനത്താവളമാണെന്ന കുപ്രസിദ്ധി നേടിയത് അതിനൊരു ഉദാഹരണവുമാണ്.
269 ഹെക്ടര്‍ പ്രദേശത്താണ് ചൈന കടലില്‍ നിന്നും മണ്ണെടുത്ത് തുറമുഖവും അതിനോട് ചേര്‍ന്ന് വന്‍ നഗരപദ്ധതിയ്ക്കും അസ്ഥിവാരമിട്ടത്. എന്നാലിന്ന് അത് ഒരു ശവപ്പറമ്പിനും മരുഭൂമിയ്ക്കും സമാനമായിരിക്കുന്നു. നിര്‍മ്മാണത്തിന് ഒപ്പം കൂട്ടാമെന്ന് ആദ്യമേറ്റ വന്‍കിട ലോകോത്തര കമ്പനികള്‍ ചൈനയുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞതോടെ ഒരു തുകപോലും മുതല്‍മുടക്കാതെ പിന്മാറി. ബീജിംഗിന്റെ സൈനിക നീക്കം മുന്നേ തിരിച്ചറിഞ്ഞ ഇന്ത്യയുടെ പ്രതിരോധ തലത്തിലെ ഇടപെടലാണ് രണ്ടു വര്‍ഷം മുന്നേ ശ്രീലങ്കയുടെ കണ്ണുതുറപ്പിച്ചത്.
ഇന്ത്യയുടെ ശക്തമായ സമ്മര്‍ദ്ദത്താല്‍ ചൈനയുടെ പ്രതിരോധ നയത്തോട് ശ്രീലങ്ക മുഖംതിരിക്കാന്‍ തുടങ്ങിയതോടെ എല്ലാ രംഗത്തും ചൈന മെല്ലെപോക്ക് തന്ത്രം സ്വീകരിക്കുകയാണ്. പല പദ്ധതികളും ഇഴയാന്‍ തുടങ്ങിയതിന് പ്രധാനകാരണം ഇന്ത്യയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം പണം തിരികെ ചോദിച്ച് ചൈന സമ്മര്‍ദ്ദം ശക്തമാക്കി യതിനെതിരെ ഇന്ത്യയും അമേരിക്കയും ലോകബാങ്കിനെ സ്വാധീനിച്ച് രംഗത്തെത്തിയതും സുതാര്യമല്ലാത്ത ചൈനയുടെ വിദേശനയത്തിനും തിരിച്ചടിയായി.
സാമ്പത്തിക വാണിജ്യ തകര്‍ച്ചയ്ക്കെതിരെ ജനകീയ പ്രക്ഷോഭം രൂക്ഷമാകുമെന്നും ഭരണകൂടം വീഴുമെന്നും ശ്രീലങ്കയേക്കാള്‍ മുന്നേ ഇന്ത്യയും അമേരിക്കയും കണ്ടിരുന്നു. ഇന്ത്യയുടെ ഇടപെടല്‍ അടിയായത് ബീജിംഗിനും ഷീ ജിന്‍ പിംഗിനുമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയും യുക്രെയ്ന്‍-റഷ്യ യുദ്ധവും വിദേശ സഹായത്തിനും വിഘാതമായി. ശ്രീലങ്കയുടെ സാമ്പത്തിക-വാണിജ്യ തകര്‍ച്ചയെ അതിഭീകര മെന്നാണ് സാമ്പത്തിക-വാണിജ്യ-വിദേശകാര്യ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ചൈന ശ്രീലങ്കയില്‍ പണിതുകൂട്ടിയതും മുതല്‍മുടക്കിയതും അത്രകണ്ട് ഭീകരമായ നിര്‍മ്മിതികളും തുകയുമാണെന്നാണ് വിലയിരുത്തല്‍.