പാക് പിന്തുണയോടെ നടന്ന മുംബയ് ഭീകരാക്രണത്തിന്റെ പതിനാലാം വാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ നവമ്പര്‍ 26ന്. ആ ഭീകരവേട്ടയില്‍ നഷ്ടപ്പെട്ടത് 166 ജീവന്‍. മുന്നൂറിലധികം പേര്‍ക്കു പരുക്കേറ്റു. മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വീരമൃത്യു വരിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനു പിന്നാലെ കനത്ത സുരക്ഷയിലേക്കു മുംബൈ മാറിയെങ്കിലും ഒട്ടേറെ സുരക്ഷാപഴുതുകള്‍ ഇന്നും ബാക്കിയാണ്. ലോക്കല്‍ ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും വലിയ മാര്‍ക്കറ്റുകളിലുമൊന്നും കാര്യമായ സുരക്ഷാപരിശോധനകളില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
പാകിസ്ഥാനില്‍ നിന്ന് കടല്‍മാര്‍ഗം ഗുജറാത്ത് വഴി മുംബൈയിലെ കഫ് പരേഡ് തീരത്ത് ബോട്ടിലെത്തിയ 10 അംഗ സംഘം വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. 2008 നവംബര്‍ 26ന് രാത്രി ആരംഭിച്ച ആക്രമണത്തില്‍നിന്നും നഗരത്തെ മോചിപ്പിക്കാനായത് മൂന്നാം ദിവസമാണ്. പാക്ക് പൗരന്‍ അജ്മല്‍ കസബിനെ പിടികൂടാനായത് ഭീകരപ്രവര്‍ത്തനങ്ങളിലെ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്നതില്‍ നിര്‍ണായകമായി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ് 26/11 സ്മാരകത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചിരുന്നു. 14 വര്‍ഷം മുന്‍പ് മുംബൈ മഹാനഗരം ആക്രമിച്ച പാക് ഭീകരരോട് പോരാടി വീരമൃത്യു വരിച്ചവര്‍ക്ക് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവര്‍ 26/11 രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ ഉള്‍പ്പെടെ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു.
166 പേരുടെ ജീവന്‍ പൊലിയുകയും മുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ നടക്കുന്ന ഓര്‍മകള്‍ ചടങ്ങില്‍ പലരും പങ്കിട്ടു. ബെംഗളൂരുവില്‍ സന്ദീപ് പഠിച്ചിരുന്ന സ്‌കൂളില്‍ അദ്ദേഹത്തിന്റെ പ്രതിമ അനാഛാദനം ചെയ്തു. പാക് ഭീകരര്‍ ആസൂത്രണം ചെയ്ത ആക്രമണം നടന്ന ആ കറുത്ത ദിനം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന പാകിസ്ഥാന് കഴിഞ്ഞ ദിവസവും ബോദ്ധ്യമായിരിക്കുകയാണ്. ആക്രമണത്തിന്റെ 14ാം വാര്‍ഷികത്തില്‍, ഇന്ത്യന്‍ വംശജരും യുഎസിലെ ഇന്ത്യന്‍ പ്രവാസികളും ന്യൂയോര്‍ക്കിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിന് പുറത്ത് വന്‍ പ്രതിഷേധമാണ് നടത്തിയത്.
ഇതിന് പുറമേ ഹൂസ്റ്റണിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റ്, ചിക്കാഗോ, ന്യൂജേഴ്‌സിയിലെ പാകിസ്ഥാന്‍ കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയ്ക്ക് മുന്നിലും പ്രകടനങ്ങള്‍ നടന്നു.പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയാണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. പാക് സംരക്ഷണത്തില്‍ കഴിയുന്ന ഹാഫിസ് സയീദായിരുന്നു ഈ നീച പ്രവര്‍ത്തിയുടെ ആസൂത്രകന്‍. മുംബൈയ് ഭീകരാക്രമണത്തിന്റെ 14ാം വാര്‍ഷികം ആചരിക്കാന്‍ ലണ്ടനിലെ ഇന്ത്യന്‍ വംശജരും പദ്ധതിയിട്ടിരുന്നു. പാകിസ്ഥാന്‍ പരിശീലിപ്പിച്ച ഭീകരരാല്‍ കൊല്ലപ്പെട്ട നൂറുകണക്കിന് ആളുകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.