ചൈനയുടെ മുഖ്യ ശത്രുക്കളില്‍ പ്രധാനിയാണ് അമേരിക്കയും. അമേരിക്കയ്ക്കയെ വെട്ടാനും ആധിപത്യം സ്ഥാപിക്കാനും പശ്ചിമേഷ്യയില്‍ ചില ശ്രങ്ങള്‍ ചൈന നടത്തുന്നുണ്ട്. ആദ്യം സൗദിയെയാണ് ചൈന ലക്ഷ്യമിട്ടത്. ചൈനയുടെ ഇടപെടലില്‍ കാലങ്ങളായി സൗദിയുമായി ശത്രുതയിലായിരുന്ന ഇറാനും സിറിയയുമൊക്കെ ഇപ്പോള്‍ സൗദിയുടെ സൗഹൃദയ വലയത്തിനുള്ളിലായി. ഇറാനുമായുള്ള സൗദിയുടെ കൂട്ടിനൊപ്പം തന്നെ ചൈനയുടെയും അടുത്ത സുഹൃത്തായ റഷ്യയുമായും സൗദി അടുത്ത ബന്ധത്തിലായതോടെ ഇതെല്ലാം അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതിനിടയില്‍ ഈ മാസം ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതായി യുഎസ് നാവികസേന അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് അമേരിക്കന്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.
പാനമ പതാകയുള്ള എണ്ണക്കപ്പലായ നിയോവി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളാവുകയുമാണ്.ലോകം മുഴുവന്‍ ഹിജാബ് വിവാദത്തെ തുടര്‍ന്ന് ഇറാനെതിരെ എത്തിയപ്പോള്‍ അമേരിക്കയാണ് അതിന് പിന്നിലെന്നായിരുന്നു ഇറാന്റെ വാദം. സൗദിയുമായി അടുക്കുകയും പല പദ്ധതികളും ആവിഷ്‌കരിക്കുകയും ചെയ്യുന്നതിനിടയില്‍ ചൈനയുടെയും ഇറാന്റെയും നീക്കങ്ങള്‍ അമേരിക്കയും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഇപ്പോള്‍ ഇറാന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബോംബിന്റെ ചിത്രം യുഎസ് വ്യോമസേന പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ‘മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍’ എന്നറിയപ്പെടുന്ന ജിബിയു57 എന്ന ബോംബിന്റെ ചിത്രമാണ് യുഎസ് വ്യോമസേന പുറത്തുവിട്ടത്. എന്നാല്‍, ആയുധത്തിന്റെ ഘടന ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ ഈ ചിത്രം പിന്നീട് നീക്കം ചെയ്തു. യുഎസിന്റെ ആയുധങ്ങളെ മറികടക്കാന്‍ ശേഷിയുള്ള ഭൂഗര്‍ഭ ആണവകേന്ദ്രം ഇറാന്‍ നിര്‍മിക്കുന്നെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് യുഎസ് ബോംബിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. മിസോറിയിലെ വൈറ്റ്മാന്‍ വ്യോമസേനാ താവളത്തിന്റെ ഫെയ്‌സ്ബുക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ജിബിയു57 വിന്യസിക്കാന്‍ ശേഷിയുള്ള ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളുടെ ആസ്ഥാനമാണ് ഈ വ്യോമതാവളം. ഇറാനുമായുള്ള പിരിമുറുക്കം വര്‍ധിച്ചുനിന്ന 2019 ലും യുഎസ് ഇത്തരത്തില്‍ ബോംബുകളുടെ ചിത്രം പുറത്തുവിട്ടിരുന്നു. എന്തായാലും പ്രാദേശിക തലത്തിലും അതിര്‍ത്തികളിലും നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പുറമേ ബന്ദശത്രുവായ അമേരിക്കയുടെ സമ്മര്‍ദ്ദവും ഇറാനെ വലയ്ക്കുകയാണ്.