ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേല്‍. ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍നിയയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്. റഷ്യക്ക് പുതിയ ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് വര്‍ധിപ്പിക്കാനും ഇറാന്‍ പദ്ധതിയിടുന്നുണ്ടെന്ന് മൊസാദ് തലവന്‍ വെളിപ്പെടുത്തി. ഇറാന്‍ മുന്‍പില്ലാത്ത വിധം ആണവപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മൊസാദ് തലവന്‍ ഡേവിഡ് ബാര്‍നിയ ചൂണ്ടിക്കാട്ടി.
ഇറാന്റെ ഭാവി ലക്ഷ്യങ്ങള്‍ തീര്‍ത്തും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതാണ്. രാജ്യത്തെ സമ്പുഷ്ട യുറേനിയം സംഭരണം വിശാലമാക്കാനും അതുവഴി ഗള്‍ഫ് മേഖലയിലെ മുസ്ലീം രാജ്യങ്ങള്‍ക്കുമേല്‍ ആക്രമണത്തിനുമാണ് ഇറാന്‍ പദ്ധതിയിടുന്നതെന്നാണ് മൊസാദ് തലവന്‍ ഡേവിഡ് ബാര്‍നിയ മുന്നറിയിപ്പ് നല്‍കുന്നത്. റഷ്യക്ക് കൂടുതല്‍ പുതിയ ആയുധങ്ങള്‍ നല്‍കാനും ഇറാന്‍ പദ്ധതിയിട്ടതായാണ് മൊസാദ് തലവന്‍ വെളിപ്പെടുത്തുന്നത്. ഇറാന്‍ സൈന്യം തീര്‍ത്തും ലജ്ജാകരമായ ഇരട്ടതാപ്പാണ് സ്വീകരിക്കുന്നതെന്നും ഇസ്രായേല്‍ ചാരസംഘടനാ തലവന്‍ അഭിപ്രായപ്പെട്ടു. ഇറാന്‍ സൈന്യത്തിന്റ ഒരു വശം എന്ന് പറയുന്നത് വിയന്നയിലേക്ക് അനുരഞ്ജന ചര്‍ച്ചക്കായി ദൂതന്‍മാരെ അയക്കുന്നതാണെന്നും മറ്റൊരു വശം ഇറാനിലെ ഭീകരവാദികളെ ലോകത്തിന്റെ പലഭാഗങ്ങളിലേക്കും അയച്ച് സാധാരണക്കാരായ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്നതാണെന്ന് ഡേവിഡ് ബാര്‍നിയ കുറ്റപ്പെടുത്തി.
2019 ല്‍ സൗദിയുടെ ആണവ മേഖലയില്‍ ഇറാന്‍ ആക്രമണം അഴിച്ചുവിട്ടതായി സൗദി ആരോപിച്ചിരുന്നു. സൗദിയിലേക്കയച്ച അതേ ഡ്രോണുകളാണ് ഉക്രയിന്‍ അധിനിവേശത്തില്‍ റഷ്യക്ക് നല്‍കിയതെന്നും സൗദി വിമര്‍ശിച്ചിരുന്നു. ഉക്രെയിന്‍ യുദ്ധത്തില്‍ ഇറാന്‍ റഷ്യക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയതായി പശ്ചാത്യരാജ്യങ്ങളും വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇറാനും റഷ്യയും പ്രതിരോധമേഖലയില്‍ സഹകരിക്കുന്നതില്‍ ഇടപെടാന്‍ മൂന്നാമതൊരു രാജ്യത്തിന് അവകാശമില്ലെന്നാണ് ഇറാന്‍ പ്രതികരിച്ചിരുന്നത്. റഷ്യക്ക് ഡ്രോണുകള്‍ നല്‍കിയെന്ന ആരോപണം ഇറാന്‍ തള്ളികളയുകയും ചെയ്തിരുന്നു. ടെഹ്റാന്‍ ഭരണകൂടം അഭൂതപൂര്‍വമായ വേഗതയില്‍ ആണവ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ബാര്‍ണിയ വ്യക്തമാക്കി.
റഷ്യയിലേക്കുള്ള നൂതന ആയുധങ്ങളുടെ വിതരണം ആഴത്തിലാക്കാനും വിപുലീകരിക്കാനും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി വിപുലീകരിക്കാനും, മേഖലയിലെ സൗഹൃദ മുസ്ലിം രാജ്യങ്ങള്‍ക്കെതിരായ ആക്രമണം ശക്തമാക്കാനും അവര്‍ ശ്രമിക്കുന്നു. ഇറാന്റെ ഭാവി ഉദ്ദേശ്യങ്ങള്‍ക്കെതിരെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു’, ബാര്‍ണിയ പറഞ്ഞു. ഒരു ഭാഗത്ത് ഇറാനിയന്‍ നയതന്ത്രജ്ഞരെ ചര്‍ച്ചകള്‍ക്കായി വിയന്നയിലേക്ക് അയയ്ക്കുമ്പോള്‍, മറ്റൊരു ഭാഗത്ത് ലോകമെമ്പാടുമുള്ള നിരപരാധികളെ കൊല്ലാന്‍ ഇറാനിയന്‍ തീവ്രവാദികളെ അയയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ ഉക്രെയ്‌നില്‍ റഷ്യന്‍ സേന വിന്യസിച്ചിരിക്കുന്ന അതേ സായുധ ഡ്രോണുകള്‍ ഉപയോഗിച്ച് 2019 ല്‍ രാജ്യത്തിന്റെ കിഴക്ക് എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള വലിയ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് സൗദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം പശ്ചിമേഷ്യയിലെ പ്രബലരാജ്യമായ ഇറാനിലെ ജനകീയപ്രക്ഷോഭം ലോകവ്യാപകമായി വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇസ്ലാമിക ഭരണകൂടം സ്ഥാപിതമായശേഷം നടക്കുന്ന ഏറ്റവും ശക്തമായ ജനകീയ പ്രക്ഷോഭമായിട്ടാണ് സ്ത്രീകളും വിദ്യാര്‍ഥികളും നേതൃത്വം നല്‍കുന്ന ഈ പ്രക്ഷോഭങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ശരിയായി ഹിജാബ് ധരിച്ചില്ലെന്ന കാരണത്താല്‍ രാജ്യത്തെ ധാര്‍മികതാ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സാ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണമാണ് പ്രക്ഷോഭങ്ങളുടെ പെട്ടെന്നുള്ള കാരണമായി മാറിയത്. ഈ പ്രക്ഷോഭത്തെ മറയാക്കി വമ്പന്‍ പദ്ധതിയാണ് ഇറാന്‍ ആസൂത്രണം ചെയ്യുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.