ഇറാന്റെ കണ്ണില്ലാ ക്രൂരത വീണ്ടും!! നെഞ്ചുവിരിച്ച് പ്രക്ഷോഭകര്‍!! അവസാന അടവിലും അടിപതറി ഇറാന്‍!!

Breaking News International

മതവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമ്‌നിയെ ഇറാന്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ ദിനംപ്രതി ശക്തിപ്രാപിക്കുകയാണ്. ഇറാന്‍ ഭരണകൂടത്തിന് അപ്രതീക്ഷിത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ഇറാഖിലെ കുര്‍ദ്ദിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തുകയാണ് ഇറാനിപ്പോള്‍. ഹിജാബ് പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇറാനില്‍ നിന്നും നാടുകടത്തപ്പെട്ട കുര്‍ദ്ദുകളാണെന്ന് വാദിക്കുന്ന ഇറാന്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ അടുത്ത അടവും പയറ്റിയിരിക്കുകയാണ്. രാജ്യത്തിന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു.

മഹ്സ അമിനിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ഖൊമേനിയുടെ മ്യൂസിമാക്കിയ വീടാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. വീട് പകുതിയോളം കത്തിനശിച്ച നിലയിലാണ്. കത്തിച്ച ശേഷം പ്രതിഷേധക്കാര്‍ നിന്ന് ആര്‍പ്പുവിളിക്കുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 1979 ല്‍ ഇറാന്റെ ഇസ്ലാമിക വിപ്ലവ നേതാവ് ആയത്തൊള്ള ഖൊമേനി ജനിച്ച വീടാണിത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി ഇപ്പോഴിത് മ്യൂസിയമായി നിലനിര്‍ത്തുന്നു. എന്നാല്‍ വീട് കത്തിനശിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടുകളും മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. പ്രതിഷേധക്കാര്‍ ആദ്യമായിട്ടല്ല ഖൊമേനിയുടെ വീട് കത്തിക്കുന്നത് എന്നും പറയപ്പെടുന്നു.

ഇതിനൊക്കെ പകരം വീട്ടാനായി പ്രക്ഷോഭകര്‍ക്ക് നേരെ ഭീമന്‍ ആയുധങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാന്‍ സുരക്ഷാ സേന. ഇറാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കുര്‍ദ്ദിഷുകള്‍ ഭൂരിപക്ഷമായ പ്രദേശത്താണ് വമ്പന്‍ ആയുധങ്ങളുമായി സുരക്ഷാ സേന പ്രക്ഷോഭകരെ നേരിട്ടത്. എന്നാല്‍ ഈ പേടിപെടുത്തലുകള്‍ക്കൊന്നും പ്രക്ഷോഭകരെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഒരു ഡസനോളം പ്രക്ഷോഭകരെയാണ് ഇറാന്‍ സുരക്ഷാ സേന കൊലപ്പെടുത്തിയത്. പടിഞ്ഞാറന്‍ ഇറാനിലും വടക്ക് പടിഞ്ഞാറന്‍ ഇറാനിലും പ്രക്ഷോഭങ്ങളുടെ തീവ്രത കൂടിവരികയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭരണകൂടത്തിനെതിരെ പല തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും ഇവിടങ്ങളില്‍ അരങ്ങേറുന്നുണ്ട്. പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ അന്തിമകര്‍മങ്ങള്‍ നടക്കുന്നതും ഇവിടെയാണ്. പിരാന്‍ഷാഹര്‍, മാരിവാന്‍, ജാവന്‍ റോഡ് എന്നീ നഗരങ്ങളില്‍ ഷെല്ലാക്രമണമാണ് സുരക്ഷാ സേന നടത്തിയത്. വെടിയുതിര്‍ക്കുന്നതിന്റെയും വമ്പന്‍ ആയുധസന്നാഹങ്ങളൊരുക്കി ആക്രമണം നടത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ സേനയുടെ ആക്രമണത്തില്‍ പതിനാറു വയസുള്ള കാര്‍വാന്‍ ഗാദര്‍ ഷോക്രി എന്ന കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ പ്രതിഷേധക്കാര്‍ക്കായി പരമാവധി ശിക്ഷ നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്.

ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ ഭയപ്പെടുത്താനും മറ്റുള്ളവരെ പ്രസ്ഥാനത്തില്‍ ചേരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്’ ഈ തീരുമാനമെന്ന് ആംനസ്റ്റി അധികൃതര്‍ പറയുന്നു. ‘രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ ഉപകരണമായി വധശിക്ഷ ഉപയോഗിച്ച് പൊതുജനങ്ങളില്‍ ഭയം ജനിപ്പിക്കുക’ എന്നതാണ് ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം തോക്കിന്‍മുനകള്‍ക്ക് മുന്നിലും ഇറാന്‍ ജനത പൊരുതുന്നതാണ് കാണുന്നത്. കല്ലെറിഞ്ഞും കൂട്ടമായി പ്രതിഷേധിച്ചും നെഞ്ച് വിരിച്ചാണ് ഇവര്‍ ഇറാന്‍ സേനയെ നേരിടുന്നത്. ഇതോടെ ഇറാനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം കനക്കുകയാണ്. ജനങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ച പുതിയ മാര്‍ഗവും ഇറാന് തിരിച്ചടിയായിരിക്കുകയാണ്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.