ഉക്രൈയ്ന്‍ റഷ്യ വിഷയത്തില്‍, റഷ്യന്‍ എണ്ണ വാങ്ങി ഇന്ത്യ യുദ്ധത്തെ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ട് ചെയ്യുന്നുവെന്ന് ആരോപിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു. ഇന്ത്യ കുറിച്ച് പറയുന്നത് അവിടെ നില്‍ക്കട്ടെ യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന വാതകങ്ങളുടെ കാര്യത്തില്‍ എന്താണ് നിലപാടെന്നായിരുന്നു അദ്ദേഹം തിരിച്ചടിച്ചത്. ഇന്ത്യയ്ക്ക് സ്വന്തമായി നിലപാടുണ്ട്. ആരെയും ഭയക്കാതെ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. ഏത് മേഖലയിലായാലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നവര്‍ അറിവും അതു പോലെ അനുഭവ സമ്പത്തുള്ളവരുമാണ്.
ഇപ്പോള്‍ ശ്രീലങ്കയുടെ സംരക്ഷകരാണെന്ന രീതിയില്‍ ചൈന നടത്തുന്ന അനാവശ്യ ഇടപെടലിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ശ്രീലങ്കയില്‍ തമ്പടിച്ച ചാരകപ്പലിനെ ന്യായീകരിച്ച് കൊളംബോയിലെ ചൈനീസ് സ്ഥാനപതി നടത്തിയ പരാമര്‍ശത്തെ വലിച്ചുകീറുന്ന മറുപടിയാണ് ജയശങ്കര്‍ നല്‍കിയത്. ഇന്ത്യയെ ശ്രീലങ്ക കരുതിയിരിക്കണമെന്നും ആഭ്യന്തരകാര്യത്തില്‍ ഇടപെടുമെന്നുള്ള ചൈനയുടെ പരാമര്‍ശത്തിനാണ് ഇന്ത്യ മറുപടി നല്‍കിയത്. പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ നയതന്ത്രപ്രതിനിധി പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട്.
സ്വന്തം നാടിന്റെ സ്വഭാവമാണ് മറ്റുള്ളവരുടേതെന്ന് കരുതരുതെന്നും അതേ കണ്ണിലൂടെ തങ്ങളെ കാണാന്‍ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പാണ് ജയശങ്കര്‍ ചൈനീസ് സ്ഥാനപതി ക്വി സെന്‍ ഹോംഗിന്റെ പരാമര്‍ശത്തിന് മറുപടിയായി നല്‍കിയത്. ശ്രീലങ്കയ്ക്ക് ഇന്ത്യ വന്‍ഭീഷണിയാണ്.ശ്രീലങ്കയുടെ ഭരണത്തില്‍ ഇന്ത്യ കൈകടത്തുന്നു വെന്നുമാണ് ചൈനീസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചത്. ചൈന ഓരോ രാജ്യത്തും ഇടപെടുന്നതു പോലെയാണ് മറ്റുള്ളവരുടേതെന്ന് ധരിക്കരുതെന്നും ഞങ്ങളുടെ സമീപനം അയല്‍ രാജ്യങ്ങളോട് നേരെ വിപരീതമാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. ഒരു രാജ്യത്തെ കടത്തില്‍മുക്കി സമ്മര്‍ദ്ദത്തിലാക്കുന്നതാണ് നിങ്ങളുടെ രീതി. സമീപകാലത്തെ എല്ലാ സംഭവങ്ങളും ഏറെ കരുതലോടെയാണ് ഞങ്ങള്‍ കാണുന്നത്. ശ്രീലങ്കയ്ക്ക് ഇപ്പോള്‍ വേണ്ടത് സഹായമാണ്. അല്ലാതെ സമ്മര്‍ദ്ദ തന്ത്രങ്ങളല്ലെന്നും ജയശങ്കര്‍ പറഞ്ഞു.