ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ, രാജ്യത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. ബ്രിട്ടണിലെ കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ് സുനക് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഗുണനിലവാരമില്ലാത്ത കോഴ്സുകള്‍ക്കു ചേരുന്ന വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നത് തടയാനുള്ള തീരുമാനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സുനകിന്റെ ഓഫീസ് അറിയിച്ചത്. പഠനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് വീസ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വിവരമുണ്ട്.
എന്നാല്‍, നിലവാരം കുറഞ്ഞ ബിരുദം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കിയില്ല. വിദേശ വിദ്യാര്‍ഥികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഒട്ടേറെ സര്‍വകലാശാലകള്‍ പാപ്പരായിത്തീരുമെന്നു വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അടുത്തിടെ യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്. കോവിഡാനന്തരം ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് പല രാജ്യങ്ങളില്‍ നിന്നായി യുകെയിലേക്ക് പഠനത്തിനു പോയിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുപ്രകാരം ആകെ കുടിയേറ്റക്കാര്‍ 5,04,000 ആയി. ഇത് റെക്കോര്‍ഡ് ആണ്.
യൂറോപ്പുകാരല്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. യുക്രെയ്ന്, അഫ്ഗാനിസ്ഥാന്, ഹോങ്കോങ് പൗരന്മാര്ക്കുവേണ്ടിയുള്ള പ്രത്യേക വീസ പദ്ധതി പ്രകാരം 1.38 ലക്ഷം പേര് എത്തി. 2015 ല്‍ 3.30 ലക്ഷം കുടിയേറ്റക്കാരായതാണ് ഇതിനു മുന്‍പുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ. കുടിയേറ്റ പ്രശ്നം ഉയര്‍ത്തിയാണ് 2016 ല്‍ യൂറോപ്യന്‍ യൂണിയന് വിട്ടുപോരാന്‍ യുകെ തീരുമാനിച്ചത്. കുടിയേറ്റം കുറയ്ക്കാന്‍ യുകെ തീരുമാനിക്കുന്ന സാഹചര്യത്തില്‍ പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്. യുകെയില്‍ രാജ്യത്തെ ഭൂരിപക്ഷമതക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ് സംഭവിക്കുകയാണ് എന്നതാണ്.
ഇംഗ്ലണ്ടിലെയും വെയല്സിലെയും ജനസംഖ്യയുടെ പകുതിയില്‍ താഴെ പേര് മാത്രമാണ് ക്രിസ്ത്യാനികളായിട്ടുള്ളത്. 2021 ല്‍ നടത്തിയ 10 വര്‍ഷത്തെ സെന്‍സസ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മതമില്ല എന്ന് സെന്‍സസ് സമയത്ത് രേഖപ്പെടുത്തിയവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.94 ശതമാനം പേരും സെന്‍സസിലെ മതം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികരണം നടത്തി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏകദേശം 46.2 ശതമാനം ആളുകള്‍ അതായത് 27.5 ദശലക്ഷം ജനങ്ങള്‍ മതം ക്രിസ്ത്യനാണെന്ന് രേഖപ്പെടുത്തി. 2011 ല്‍ നിന്ന് 13.1 ശതമാനത്തിന്റെ കുറവാണ് ക്രിസ്ത്യന്‍ മതവിശ്വാസികളുടെ എണ്ണത്തിലുള്ളത്.
മതമില്ല എന്ന് രേഖപ്പെടുത്തിയതാവട്ടെ 37.2 ശതമാനം പേരാണ്. അതായത് 22.2 ദശലക്ഷം ആളുകള്‍ മതവിശ്വാസികളല്ലെന്ന് പ്രഖ്യാപിച്ചു. 12 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുസ്ലീം ജനസംഖ്യ 6.5 ശതമാനമായി കുത്തനെ കൂടി. 3.9 ദശലക്ഷം ആളുകളാണ് യുകെയില്‍ മുസ്ലീം മതവിശ്വാസികളായുള്ളത്. അതേസമയം ഹിന്ദുമതവിശ്വാസികള്‍ 1.0 ദശലക്ഷവും സിഖ് 5,24,000 വും ബുദ്ധമതക്കാര്‍ രണ്ട് ലക്ഷത്തോളവുമാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.