സിന്‍ജിയാംങ് മേഖലയില്‍ അപ്പാര്‍ട്ട്മെന്റിലെ തീപിടിത്തതിന് പിന്നാലെ കോവിഡ് ലോക്ക് ഡൌണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനയില്‍ വ്യാപക പ്രതിഷേധം. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഷാങ്ഹായില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ‘ലോക്ഡൗണ്‍ അവസാനിപ്പിക്കുക’യെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഇവിടെയും തീര്‍ന്നില്ല ‘ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മടുത്തു, ഷി ചിന്‍പിങ്ങിനെ മടുത്തു, ഉംറുകിയെ സ്വതന്ത്രമാക്കൂ’ എന്നിങ്ങനെയാണ് മറ്റ് മുദ്രാവാക്യങ്ങള്‍.
ചൈനയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച 39,791 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 31,709 പേര്‍ക്ക് രോഗലക്ഷണങ്ങളില്ല. 2019ല്‍ ആദ്യമായി വുഹാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണിത്. 2019 ഏപ്രില്‍ 13ന് 28,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നു വര്‍ഷമായി നീളുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
സിന്‍ജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംകിയിലെ ഒരു ബഹുനില കെട്ടിടത്തില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിന് കാരണം അധികൃതരുടെ തെറ്റായ നടപടിയാണെന്നും ജനങ്ങള്‍ ആരോപിക്കുന്നുണ്ട്. കെട്ടിടം ഭാഗികമായി പൂട്ടിയിരുന്നതിനാലാണ് താമസക്കാര്‍ക്ക് കൃത്യസമയത്ത് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അടക്കം നിരവധിയാളുകള്‍ ആരോപിക്കുന്നത്. എന്നാല്‍ അധികൃതര്‍ ഇത് നിഷേധിക്കുകയാണ്.
ചൈനയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും സാമ്പത്തിക കേന്ദ്രവുമായ ഷാങ്ഹായി നഗരത്തിലെ വുലുമുഖി റോഡിലാണ് ശനിയാഴ്ച രാത്രിയും ആളുകള്‍ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. ഉറുംഖിയിലെ തീപിടുത്തം കൂടിയായതോടെ പ്രതിഷേധം ശക്തിപ്പെട്ടു. ‘ഉറുംകിയിലെ ലോക്ക് ഡൌണ്‍ എടുത്ത് കളയുക, സിന്‍ജിയാങ്ങിലും ലോക്ക്ഡൗണ്‍ ഉപേക്ഷിക്കുക, ചൈനയിലെ മുഴുവന്‍ ലോക്ക്ഡൗണും ഉപേക്ഷിക്കുക’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യമായി ഉയര്‍ത്തുന്നത്.
ഒരു ഘട്ടത്തില്‍ ജനം ‘ ഷി ജിന്‍പിങ്ങിനൊപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കൂ , ഉറുംഖിയെ സ്വതന്ത്രമാക്കൂ!’ എന്നും മുദ്രാവാക്യം ഉയര്‍ത്തുന്നുണ്ട്. സമീപകാലത്ത് ചൈനീസ് സര്‍ക്കാറിനെതിരെ ഉയരുന്ന അപൂര്‍വ്വ പ്രതിഷേധമാണ് ഇത്. വലിയ പോലീസ് സംഘം പ്രതിഷേധം നോക്കിനില്‍ക്കുകയും ചിലപ്പോള്‍ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ബീജിങ്ങിലും ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. ‘ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുക!’ എന്ന മുദ്രാവാക്യമാണ് ബീജിങ്ങിലും ഉയര്‍ന്നത്. അതേസമയം ഇത് സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ലോകത്തിന്റെ ഭൂരിഭാഗവും കൊറോണ വൈറസുമായി പൊരുത്തപ്പെട്ട് പോവാന്‍ ശ്രമിക്കുമ്പോഴും ചൈന സീറോ-കോവിഡ് നയം പാലിക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്. സമീപകാലത്ത് രാജ്യത്ത് കോവിഡ് കേസുകള്‍ വലിയ തോതില്‍ ഉയരുകയും ചെയ്തിട്ടുണ്ട്. മരണം കുറവാണെങ്കിലും നിരക്ക് കൂടിവരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 66 ലക്ഷം പേര് താമസിക്കുന്ന ഷെങ്ഷോവിലെ 8 ജില്ലകളിലെ ജനങ്ങളോട് അടുത്ത 5 ദിവസത്തേക്ക് ഭക്ഷണത്തിനോ ചികിത്സയ്ക്കോ അല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യത്തെ പല പ്രവിശ്യകളിലെയും ജനങ്ങളോട് കഴിയുന്നത്ര വീടുകളില്‍ത്തന്നെ കഴിയാനാണു നിര്‍ദേശം. ഷോപ്പിങ് മാളുകളും ഓഫിസുകളും ഏറെയും അടച്ചിട്ടിരിക്കുകയാണ്.