ദില്ലി: ബ്രെക്‌സിറ്റിന് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ തുടങ്ങി. ഇന്ത്യാക്കാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ കൂടുതല്‍ ഉദാരമായ സമീപനം വേണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടു.
പകരം ബ്രിട്ടന്‍ ആവശ്യപ്പെട്ടത് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്‌കോച് വിസ്‌കിക്ക് ഇന്ത്യയില്‍വില കുറയ്ക്കണമെന്നും. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബ്രിട്ടന്റെ വ്യാപാര വകുപ്പ് സെക്രട്ടറി ആനി മേരി ട്രെവലിയനും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും തമ്മിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.അതേസമയം കരാറിലൂടെ ഇന്ത്യയില്‍ നിന്ന് തുകല്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, സംസ്‌കരിച്ച കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതാകും ഫലമെന്ന് പ്രതീക്ഷിക്കുന്നതായി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഇന്ത്യയുടെ 56 സമുദ്രോത്പന്ന യൂണിറ്റുകളുടെ അംഗീകാരത്തോടെ സമുദ്രോത്പന്നങ്ങളുടെ ബ്രിട്ടനിലേക്കുള്ള കയറ്റുമതിയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ഇരു രാജ്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വ്യാപാര കരാറിനാണ് ഇന്ത്യയും യുകെയും ലക്ഷ്യമിടുന്നത്.
മൂല്യ ശൃംഖലകളെ ബന്ധിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ സംഭാവന നല്‍കുമെന്നും ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഇടക്കാല കരാറിന്റെ സാധ്യതകള്‍ ആരായുമെന്നും ചര്‍ച്ചയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.