സിനിമാ നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി ലഭിക്കാത്തതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വിവാദമായ വിഷയത്തില്‍ ഹിന്ദുഐക്യ വേദി ഇടപെട്ടിരിക്കുകയാണ്.തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കാത്തില്‍ അമല പ്രതിഷേധം നേരിട്ട് തന്നെ അറിയിച്ചിരിക്കുകയാണ്. ഓഫീസിലെത്തി പരാതി ക്ഷേത്രത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ തന്നെ അമലാ പോള്‍ രേഖപ്പെടുത്തി.
2023ലും മതപരമായ വിവേചനമുണ്ടെന്നത് എന്ന വേദനപ്പെടുത്തുകയും നിരാശയാക്കുകയും ചെയ്യുന്നു. എല്ലാവരേയും മനുഷ്യനായി കണക്കാക്കേണ്ട കാലമാണ്. ഇപ്പോഴും മത ജീവികളായി മനുഷ്യരെ കണക്കാക്കുന്നത് ശരിയല്ല. ഈ മതപരമായ വിവേചനം ഉടന്‍ മാറുമെന്ന് കരുതട്ടേ-ഇതാണ് ക്ഷേത്രത്തിന്റെ സന്ദര്‍ശക ഡയറിയില്‍ അമല പോള്‍ കുറിച്ചത്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി എന്നാണ് വിവാദത്തില്‍ അമലാ പോളിന്റെ പ്രതികരണം. എന്നാല്‍ അന്യമതസ്ഥതര്‍ ക്ഷേത്രത്തില്‍ എത്തുന്നില്ലെന്ന് പറയാന്‍ ആകില്ലെന്നും എന്നാല്‍ ഒരു സെലിബ്രിറ്റി എത്തുമ്പോള്‍ അത് വിവാദമാകുമെന്ന് മനസിലാക്കിയാണ് ഇടപെട്ടതെന്നാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ടസ്റ്റ് സെക്രട്ടറി പ്രസൂണ്‍ കുമാര്‍ പറയുന്നത്. ക്ഷേത്രം ഭാരവാഹികളോടും അതൃപ്തി അറിയിച്ചാണ് നടി മടങ്ങിയത്.
ആചാരപരമായ കാര്യങ്ങളാല്‍ അന്യമതസ്ഥര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നതായിരുന്നു ക്ഷേത്ര ഭരണ സമിതിയുടെ നിലപാട്. അതിനിടെ അമലാ പോളിന് അനുമതി നിഷേധിച്ചതിനെതിരെ ഹിന്ദു ഐക്യവേദി തന്നെ രംഗത്തു വന്നു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥര്‍ക്ക് മുന്നില്‍ ക്ഷേത്ര വാതില്‍ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ടെന്നാണ് ഹിന്ദു ഐക്യവേദി പറയുന്നത്. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു വിശദീകരിച്ചു.
ഹിന്ദു ഐക്യവേദിയുടെ ഈ നിലപാട് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുമെന്നാണ് സൂചന. തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പോലെ പ്രസ്തുത മൂര്‍ത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കാവുന്നതല്ലേ ആചാര്യന്മാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കുമെന്നും ആര്‍ വി ബാബു കൂട്ടിച്ചേര്‍ത്തു. തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വതി ദേവിയുടെ നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ചാണ് നടി ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ദര്‍ശനം നിഷേധിച്ചത്. തുടര്‍ന്ന് റോഡില്‍ നിന്ന് ദര്‍ശനം നടത്തി പ്രസാദവും വാങ്ങി അമല പോള്‍ മടങ്ങുകയായിരുന്നു.