വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സീറ്റ് നിര്‍ണയങ്ങളില്‍ സജീവ നീക്കങ്ങളുമായി ബി ജെ പി. നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി തന്നെയാണ് ബി ജെ പി കേരളത്തിലെ പദ്ധതികള്‍ തയ്യാറാക്കുന്നത്. സംഘടനാതലത്തില്‍ കെ സുരേന്ദ്രന്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കും എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. അതിനാല്‍ തെരഞ്ഞെടുപ്പില്‍ ജനപ്രിയരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം കേരളത്തില്‍ ഏഴ് സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബി ജെ പി തന്ത്രം മെനയുന്നത്. ഇതില്‍ മൂന്ന് സീറ്റില്‍ ബി ജെ പിക്ക് വലിയ വിജയപ്രതീക്ഷയും ഉണ്ട്. അതില്‍ മുന്‍ പന്തിയിലുള്ള രണ്ട് സീറ്റുകള്‍ തൃശൂരും തിരുവനന്തപുരവുമാണ്.
തിരുവനന്തപുരത്ത് നിലവിലെ എം പി ശശി തരൂരിന് ഇനി കോണ്‍ഗ്രസ് അവസരം നല്‍കില്ല എന്നുറപ്പാണ്. അതിനാല്‍ ശശി തരൂരിന്റെ വ്യക്തിപ്രഭാവം കോണ്‍ഗ്രസിനെ തുണക്കില്ല എന്നാണ് ബി ജെ പി കണക്കുകൂട്ടല്‍. ഇവിടെ വലിയ വോട്ട് ഷെയറുള്ള ബി ജെ പിക്ക് വിജയപ്രതീക്ഷയാണുള്ളത്. ഇവിടേക്ക് ആദ്യം സുരേഷ് ഗോപിയെ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ മാറി എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിക്ക് ഇതിനോടകം തൃശൂരില്‍ വലിയ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഓളം മണ്ഡലത്തിലുണ്ടാക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ ഈ മുന്‍തൂക്കം നഷ്ടപ്പെടുത്തേണ്ട എന്നാണ് ബി ജെ പിയുടെ തീരുമാനം. തൃശൂരില്‍ സുരേഷ് ഗോപിക്ക് പകരം മറ്റാരേയെങ്കിലും നിശ്ചയിച്ചാല്‍ നിലവിലെ വിജയസാധ്യത നഷ്ടപ്പെടും എന്നും വിലയിരുത്തലുണ്ട്. അതിനാല്‍ തൃശൂരിലേക്കുള്ള ആദ്യ ഓപ്ഷന്‍ സുരേഷ് ഗോപി തന്നെയായിരിക്കും.
രുവനന്തപുരത്തേക്ക് ഇതിന് പകരം മറ്റൊരു നടനെ ഇറക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ജനവിധി നേടിയ കൃഷ്ണകുമാറിനെ ആണ് ബി ജെ പി സജീവമായി പരിഗണിക്കുന്നത്. തീരദേശ മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് വലിയ പ്രതിഫലനം സൃഷ്ടിക്കാന്‍ കൃഷ്ണകുമാറിന് സാധിക്കും എന്നാണ് ബി ജെ പി കരുതുന്നത്.
മണ്ഡലത്തില്‍ സുപരിചിതനാണ് കൃഷ്ണകുമാര്‍. തീരദേശവാസികളുടെ പ്രശ്നങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലം തൊട്ട് ഇടപെടുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചിട്ടുമുണ്ട്. അടുത്തിടെ വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാരുമായും ഈ വിഷയം തുടര്‍ച്ചയായി കൃഷ്ണകുമാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി കൊണ്ടുവന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 27 ശതമാനം വോട്ട് സ്വന്തമാക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. ആന്റണി രാജു ആണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. കൃഷ്ണകുമാറിന് 34996 വോട്ടാണ് ലഭിച്ചിരുന്നത്.