സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ക്ഷേത്ര ആചാരത്തെ അപമാനിച്ചതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്. ജീവത എഴുന്നള്ളത്തിനെ വികൃതമാക്കി ചിത്രീകരിച്ചു കൊണ്ട് പല്ലക്കില്‍ സിപിഎം ചിഹ്നം വച്ച് പ്രതീകാത്മക എഴുന്നള്ളത്ത് നടത്തുകയായിരുന്നു. ക്ഷേത്ര ആചാരത്തെ അപമാനിച്ച സിപിഎമ്മിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ് ഓണാട്ടുകര ജീവിത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതിയും വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സംരക്ഷണ സമിതിയും. മാര്‍ച്ച് 18-ന് നടക്കുന്ന പ്രതിഷേധത്തില്‍ എല്ലാ വിശ്വാസികളും അണിനിരക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെടുന്നു.
‘ഭക്ത വികാരം വ്രണപ്പെടുത്തിക്കൊണ്ട് ഓണാട്ടുകരയുടെ ആചാരാനുഷ്ഠാനത്തിന്റെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഹൈന്ദവ ക്ഷേത്ര ആചാരഭാഗമായ ജീവിത എഴുന്നള്ളത്തിനെ തെരുവില്‍ അപമാനിച്ച് വികലമാക്കിയ അവിശ്വാസികളുടെ കാടത്തത്തിനെതിരെ ഓണാട്ടുകര ജീവത തിരുമുടി എഴുന്നള്ളത്ത് സംരക്ഷകസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2023 മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ചെങ്ങന്നൂര്‍ ടൗണില്‍ വന്‍ പ്രതിഷേധ റാലിയും സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ നിരന്തരം അപമാനിക്കുന്ന ഇത്തരം ധാര്‍ഷ്ട്യത്തിനെതിരെ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കുക. എന്തുകൊണ്ട് മറ്റുള്ള മതവിശ്വാസങ്ങളുടെ ആചാരങ്ങളില്‍ ഇവര്‍ കൈകടത്തുന്നില്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. പ്രതികരിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് നമ്മള്‍ക്ക് ഈ അവസ്ഥ വീണ്ടും നേരിടേണ്ടി വരുന്നത്. നമ്മുടെ ആചാരത്തെ, അനുഷ്ഠാനത്തെ, വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ നടപടിക്കെതിരെ നമ്മള്‍ ഇറങ്ങുകയാണ്. ആത്മാഭിമാന ബോധമുള്ള ഒരു വിശ്വാസിയായി, ഒരു ഹിന്ദുവായി പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണം.
– സംഘാടകര്‍ പറഞ്ഞു.
ഓണാട്ടുകര പ്രദേശത്തും മധ്യതിരുവിതാംകൂറിലും ദേവീക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് ദേശ ഭരദേവത തട്ടകത്തുള്ള ഭവനങ്ങളില്‍ ആഘോഷപൂര്‍വം എത്തുന്ന ദേവവാഹനമാണ് ജീവത. അമ്മദൈവപാരമ്പര്യം പിന്തുടരുന്ന പ്രാദേശികക്ഷേത്രങ്ങളില്‍ കാര്‍ഷിക വിഭവങ്ങള്‍ നിരത്തിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വരുംനാളുകളിലെ വിളവുകള്‍ പൊലിക്കുവാന്‍ അനുഗ്രഹിക്കുന്നതിനാണ് എഴുന്നള്ളത്ത്. ദേവിയെ ആവാഹിച്ചിരുത്തിയ ജീവത രണ്ടുബ്രാഹ്‌മണര്‍ ചേര്‍ന്ന് തോളിലേറ്റി വൈവിധ്യമാര്‍ന്ന താളമേളങ്ങളുടെ അകമ്പടിയില്‍ മെയ്വഴക്കത്തോടെ ജീവത ചലിപ്പിച്ചുകൊണ്ട് ചുവടുവയ്ക്കുന്ന അനുഷ്ഠാന നൃത്തമാണിത്. രൂപഘടനയിലും താളങ്ങളുടെയും ചുവടുകളുടെയും വൈവിധ്യത്തിലും പ്രകടമാകുന്ന പ്രാദേശികവ്യത്യാസങ്ങള്‍ നൃത്തശൈലിയില്‍ രാമപുരംശൈലി, കാരാഴ്മ ശൈലി, ചെട്ടികുളങ്ങരശൈലി എന്നിങ്ങനെ മൂന്നു ദേശഭേദങ്ങള്‍ സൃഷ്ടിച്ചു. മകരം മുതല്‍ മേടം വരെയാണ് ജീവതക്കാലം. ഇടവം ഒന്നോടുകൂടി ഓണാട്ടുകരയില്‍ ഇതവസാനിക്കും.