കേരളത്തില്‍ റെയില്‍വെ വന്‍ വികസനക്കുതിപ്പിന് തുടക്കമിട്ടിരിക്കുകയാണ്. പ്രധാന സ്റ്റേഷനുകളെ വിമാനത്താവള സമാനമാക്കും. റെയില്‍വെ റീഡവലപ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് രാജ്യമാകെ 52 സ്റ്റേഷനുകളില്‍ ഇതിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത് കൊല്ലം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത് സ്റ്റേഷനുകളെയാണ്. ഓരോ സ്റ്റേഷനിലും 360 മുതല്‍ 400 കോടി രൂപവരെയുള്ള വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും റെയില്‍വെ പാസഞ്ചേഴ്സ് അമിനിറ്റിസ് ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആദ്യഘട്ടവികസനത്തിനായി ഭാരതത്തിലാകമാനം 17,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാംഘട്ടം റീഡവലപ്മെന്റ് പദ്ധതി ഈ വര്‍ഷം ആരംഭിക്കും. തിരുവനന്തപുരം, ചെങ്ങന്നൂര്‍, തൃശ്ശൂര്‍, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകളെ ഇതില്‍ ഉള്‍പ്പെടുത്തും. 1500 കോടിയോളം രൂപയുടെ വികസ പദ്ധതികളാണ് രണ്ടാംഘട്ടത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. 2023 ഡിസംബര്‍ 31 ന് മുമ്പ് ഒന്നാംഘട്ടവും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാംഘട്ടവും പൂര്‍ത്തിയാക്കും. തിരുവനന്തപുരം സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. വിഴിഞ്ഞത്തേക്ക് പുതിയ പാത ആരംഭിക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. സര്‍വെയും സ്ഥലമെടുപ്പും പൂര്‍ത്തിയായി. വര്‍ക്കലയില്‍ ശിവഗിരിയുടെ പ്രാധാന്യം കണക്കിലെടുത്ത് ആധ്യാത്മിക ടൂറിസം സ്റ്റേഷന്‍ എന്ന നിലയില്‍ വികസിപ്പിക്കും.
ഇതോടൊപ്പം അമൃത് ഭാരത് സ്റ്റേഷന്‍ എന്നപേരില്‍ മറ്റൊരു പദ്ധതിയും നടപ്പാക്കും. ഇതനുസരിച്ച് തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിലായി 30 റെയില്‍വെ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 25 എണ്ണം കേരളത്തിലാണ്. പരമാവധി 10 കോടി രൂപ വരെയാണ് ഓരോ സ്റ്റേഷനുകള്‍ക്കായി നീക്കിവച്ചിരിക്കുന്നത്. ലിഫ്റ്റ്, എക്സ്‌കലേറ്റര്‍, മേല്‍ക്കൂര നിര്‍മാണം, ശുചിമുറികളുടെയും വിശ്രമ മുറികളുടെയും എണ്ണം വര്‍ധിപ്പിക്കല്‍, ഇരിപ്പിടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ശുദ്ധജല വിതരണം സുഗമമാക്കുക എന്നിവയാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ നടപ്പിലാക്കുന്നത്.
സ്റ്റേഷനുകളെ വികലാംഗ സൗഹൃദമാക്കും. പ്രവേശന കവാടം മുതല്‍ ഇതിനുള്ള സൗകര്യമൊരുക്കും. പ്രധാനമന്ത്രി ഗതിശക്തി മിഷന്റെ ഭാഗമായാണ് ഈ വികസന പദ്ധതികള്‍. വിമാനത്താവളം, സീപോര്‍ട്ട്, റെയില്‍വെ, ഹൈവെ എന്നിവയുടെ അടിസ്ഥാന വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വെ റീബില്‍ഡ് പദ്ധതി. 2047 ആകുമ്പോള്‍ ഭാരതത്തെ ജഗദ്ഗുരു സ്ഥാനത്തേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
50,000 ജനസംഖ്യയുള്ള നഗരങ്ങളെ റെയില്‍വെ ശൃംഖലയുമായി ബന്ധപ്പെടുത്താനുള്ള ദേശീയ തീരുമാനത്തിന്റെ ഭാഗമായി കേരളത്തില്‍ നെടുമങ്ങാടും മഞ്ചേരിയും മലപ്പുറവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വന്ദേഭാരത് തീവണ്ടി കേരളത്തില്‍ പകല്‍വണ്ടിയായി ഓടിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണദാസ് പറഞ്ഞു.
റെയില്‍വെ വികസന രംഗത്ത് കേരളത്തെ അവഗണിക്കുന്നുവെന്നത് രാഷ്ട്രീപ്രേരിതമായ ആരോപണമാണ്. റെയില്‍വെയെ സംബന്ധിച്ച് വരുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിന് ശുഭപ്രതീക്ഷയാണുള്ളതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം ഡിവിഷനില്‍ വടക്കാഞ്ചേരി, നാഗര്‍കോവില്‍ ജംഗ്ഷന്‍, ഗുരുവായൂര്‍, ആലപ്പുഴ, തിരുവല്ല, ചിറയിന്‍കീഴ്, ഏറ്റുമാനൂര്‍, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി (കാലടി), ചങ്ങനാശേരി, നെയ്യാറ്റിന്‍കര, കുഴിത്തുറ, മാവേലിക്കര എന്നീ സ്റ്റേഷനുകളെയാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂര്‍, കാസര്‍കോട്, മാംഗ്ലൂര്‍ ജംഗ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂര്‍, കുറ്റിപ്പുറം, തിരൂര്‍, എന്നിവയാണ് പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകള്‍.