മേയറുടെ വിവാദ ശുപാർശ കത്തിൽ വിജിലൻസ് നാളെ കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും. രണ്ട് ജീവനക്കാരോട് നാളെ വിജിലൻസ് ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മേയറുടെ പേരിലുള്ള കത്ത് സി പി എം പ്രവർത്തകരുടെ ഗ്രൂപിലിട്ടുവെന്ന് സംശയിക്കുന്ന കൗൺസിലർ ഡി ആർ അനിൽ ഇതേവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടില്ല. നാളെ മൊഴി രേഖപ്പെടുത്താനുളള സമയം ക്രൈംബ്രാഞ്ച് അനിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി ആനാവൂർ നാഗപ്പൻ പറയുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം തള്ളുകയാണ്. ആനാവൂരും, ഡി ആർ അനിലും മൊഴി നൽകിയില്ലെങ്കിലും അടുത്തയാഴ്ച തന്നെ പ്രാഥമിക റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിൻറെ തീരുമാനം.
കോർപറേഷനിലെ കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.വ്യാജരേഖ ചമയ്‌ക്കലിനു കേസെടുക്കാൻ ക്രൈംബ്രാഞ്ച് എസ്‌പി ഉടൻ ഡിജിപിക്ക് ശുപാർശ നൽകും.വ്യാജ കത്ത് ആണെന്ന് അവകാശപ്പെടുന്ന മേയറുടെയും കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയുംമൊഴി വിശ്വാസത്തിലെടുത്താണു ക്രൈംബ്രാഞ്ച് നടപടി.കത്ത് വിഷയത്തിൽ എന്തു ചെയ്തു എന്നു സർക്കാരിനോടു ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് ഉടനെ കേസെടുക്കാനുള്ള നീക്കം.
വിവാദ കത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കോർപ്പറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നൽകിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രനും മൊഴി നൽകി. വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺണഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു
അതേ സമയം, കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയതിൽ സർവത്ര ആശയക്കുഴപ്പമാണ്നിലവിലുള്ളത്. ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്നാണ് ആനാവൂർ നാഗപ്പൻ നൽകിയ വിശദീകരണം. സിപിഎം ജില്ലാ സെക്രട്ടറി ഇങ്ങിനെ പറയുമ്പോഴും പാർട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ് നേരിട്ട് മൊഴി നൽകാനെത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം വിശദീകരിക്കുന്നത്.
പറയേണ്ടതെല്ലാം മാധ്യമങ്ങൾ വഴി അറിഞ്ഞല്ലേ, മേയറും പറഞ്ഞിട്ടുണ്ടോല്ലോ, കത്ത് കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നുമില്ലെന്നായിരുന്നു ഫോൺ വിളിച്ചപ്പോഴും ആനാവൂരിൻെറ പ്രതികരണമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. ജില്ലാ സെക്രട്ടറി മൊഴി തരാതെ മുങ്ങിയെന്ന ആക്ഷേപം ഒഴിവാക്കാനാണാ നേരിട്ട് തന്നെ മൊഴി നൽകിയെന്ന ആനാവൂരിൻറെ വിശദീകരണമെന്നാണ് സൂചന.അതേസമയം ഡി ആർ അനിലിന്റെ ഒളിച്ചുകളി ഇനിയും തുടരുകയാണ്.