ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകര്‍ക്കാന്‍ ഇന്ത്യന്‍ സേന പരുന്തുകള്‍ക്ക് പരിശീലനം നല്‍കുകയാണ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഉത്തരാഖണ്ഡില്‍ നടക്കുന്ന സംയുക്ത യുദ്ധ് അഭ്യാസ് പരിശീലനത്തിനിടെ ഇവയുടെ പ്രകടനത്തിന്റെ പ്രദര്‍ശനവും ഉല്‍പ്പെടുത്തിയിരുന്നു. പരുന്ത് മാത്രമല്ല ഡ്രോണുകളെ നശിപ്പിക്കാന്‍ നായകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. പാകിസ്താനില്‍ നിന്നും മറ്റും എത്തുന്ന ഡ്രോണുകളുടെ ലൊക്കേഷന്‍ കണ്ടെത്തി നശിപ്പിക്കാനാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
ഡ്രോണുകളുടെ ശബ്ദം കേട്ട് സേനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് നായ ചെയ്യുന്നത്. അതേസമയം ഡ്രോണിന്റെ സ്ഥാനം കണ്ടെത്തി അതിനെ വായുവില്‍ വെച്ചുതന്നെ നശിപ്പിക്കുകയാണ് പരുന്തുകളുടെ ജോലി. പരുന്തുകളെ ഉപയോഗിച്ച് ഇത്തരത്തിലൊരു അഭ്യാസം ഇന്ത്യന്‍ സേനയുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാകിസ്താനില്‍ നിന്ന് വരുന്ന ഡ്രോണുകളിലൂടെ പഞ്ചാബ്, കശ്മീര്‍ പ്രദേശങ്ങളിലേക്ക് തോക്കുകളും മയക്കുമരുന്നും പണവും രാജ്യത്ത് ഉപേക്ഷിച്ച പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 24 ന് ജമ്മുവിലെ സാംബാ ജില്ലയില്‍ രൂപയുടേയും ആയുധങ്ങളുടെയും ചരക്കുകള്‍ ഉപേക്ഷിച്ച് ഒരു പാകിസ്താനി ഡ്രോണ്‍ കടന്നുകളഞ്ഞതായി ജമ്മു പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടിയില്‍ സൈനികരുടെ അഭ്യാസം വൈറലാകുകയാണ്.
ആയുധങ്ങളില്ലാതെ തന്റെ പേരാളികളെ മലര്‍ത്തിയടിക്കുകയാണ് ഒരു സൈനികന്. ഇതില്‍ കൈകള്‍ മാത്രം ഉപയോഗിച്ച് ആയുധധാരിയായ എതിരാളിയെ മലര്‍ത്തിയടിക്കുന്ന ഇന്ത്യന്‍ സൈനികന്റെ കഴിവ് വിസ്മയകരമാണ് എന്നാണ് വീഡിയോ കണ്ടവരൊക്കെ പറയുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും സൈനികര്‍ തമ്മിലുള്ള സംയുക്ത അഭ്യാസപ്രകടനമാണ് അവിടെ അരങ്ങേറുന്നത്. സാധാരണഗതിയിലെ അഭ്യാസമുറകളല്ല ഇവര്‍ പരിശീലിക്കുന്നത് എന്നതാണ് പ്രത്യേകത.
‘യുദ്ധ് അഭ്യാസ് 22’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ തങ്ങള്‍ക്ക് മാത്രം സ്വായത്തമായ അറിവുകളാണ് ഇരുരാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം കൈമാറുന്നത്. എന്തെന്നാല്‍ തോക്കോ, കഠാരയോ പോലുള്ള ആയുധങ്ങള്‍ക്ക് പകരം കൈകള്‍ മാത്രം ഉപയോഗിച്ച് ശത്രുവിനെ എങ്ങനെ തറപറ്റിക്കാമെന്ന് സംയുക്ത സൈനികാഭ്യാസത്തിലൂടെ പരിശീലിക്കുകയാണ് ഇരുരാജ്യങ്ങളിലെയും സൈനികര്‍.