പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും ബിജെപി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടി ഗുജറാത്തില്‍ തുടര്‍ഭരണത്തിന് കോപ്പ് കൂട്ടുകയാണ് ബിജെപി. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തി നിരവധി റാലികള്‍ ഇതിനോടകം തന്നെ ബിജെപി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏകദേശം 150 ഓളം മണ്ഡലങ്ങളിലായി 25 റാലികളിലാണ് മോദി പങ്കെടുത്തതും. മോദിയെ കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അമിത് ഷാ, ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട, തുടങ്ങി പ്രമുഖകര്‍ ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ ഗുജറാത്തില്‍ പ്രചരണത്തില്‍ സജീവമായിരുന്നു.
ഇക്കുറി സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷമാണ് ബിജെപി സ്വപ്നം കാണുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളായിരുന്നു ബിജെപി നേടിയത്. അതേസമയം 2012 ലെ റെക്കോഡ് തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പി വൃത്തങ്ങള്‍ പറയുന്നു. അന്ന് 127 സീറ്റുകളായിരുന്നു പാര്‍ട്ടി നേടിയത്. ഇക്കുറി 130 സീറ്റുകള്‍ വരെയാണ് ബി ജെ പി പ്രതീക്ഷ പുലര്‍ത്തുന്നത്. പരമാവധി സീറ്റ് നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ അതീവ ജാഗ്രതയാണ് ബിജെപി പുലര്‍ത്തിയത്. 38 സിറ്റിംഗ് എംഎല്‍എമാരെ ബി ജെ പി ഒഴിവാക്കി. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി എന്നിവര്‍ക്കും സീറ്റ് നല്‍കിയില്ല.
പട്ടികയില്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് എത്തിയവര്‍ക്കും പാര്‍ട്ടി സീറ്റ് അനുവദിച്ചിട്ടുണ്ട്. ഹര്‍ദിക് പട്ടേല്‍, ക്രിക്കറ്റര്‍ ജഡേജയുടെ ഭാര്യ എന്നിവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 1, 5 എന്നിങ്ങനെയാണ് രണ്ട് ഘട്ടം. ഡിസംബര്‍ 8 ന് ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഇപ്പോള്‍ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. ഡിസംബര്‍ 1ന് തിരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനിനി എട്ട് ദിവസം മാത്രമാണ് ബാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയും സ്വന്തം സംസ്ഥാനത്ത് നിരവധി റാലികള്‍ നടത്തി. ഇതിനിടയില്‍ വല്‍സാദില്‍ റോഡ്ഷോ നടത്തുന്നതിനിടെ, റോഡരികില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന 13 വയസ്സുകാരി അദ്ദേഹത്തെ വിളിച്ചതും ,കവിത ചൊല്ലിയതും വൈറലായി .ബി.ജെ.പിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ പെണ്‍കുട്ടി 57 സെക്കന്‍ഡില്‍ കവിതയിലൂടെ അവതരിപ്പിച്ചത്. പ്രധാനമന്ത്രി പെണ്‍കുട്ടിയുടെ കവിത ശ്രദ്ധയോടെ കേള്‍ക്കുകയും അവസാനം കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. ഗുജറാത്തി ഭാഷയില്‍ പെണ്‍കുട്ടി ചൊല്ലിയ ഈ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്ന നേതാവിനെ തൊട്ടരികില്‍ കാണാന്‍ കഴിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്നും തന്റെ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും ഈ കൊച്ചുമിടുക്കി പറയുന്നുണ്ട്. തന്റെ വലിയ അമ്മ ആദ്യം ഒരു പ്രസംഗരൂപത്തില്‍ തയ്യാറാക്കി നല്‍കിയ വിഷയം തന്റെ അമ്മയാണ് വിശദീകരിച്ച് തന്നതെന്നും അതിന്റെ വികാരം ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ പറഞ്ഞു തന്നതെന്നും ആദ്യഭ ജഡേജ എന്ന കൊച്ചുമിടുക്കി പറയുന്നു. പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചെന്നും ഭാവിയില്‍ നമ്മുടെ നാടിന് അഭിമാനമായി മാറണമെന്നും തന്റെ ആശീര്‍വാദം എന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞതായും ആദ്യഭ പറഞ്ഞു.