കര്‍ഷക സമരം പൊട്ടിപുറപ്പെട്ടതോടെയാണ് ബിജെപി സഖ്യമുപേക്ഷിക്കാന്‍ പ്രകാശ് സിംഗ് ബാദലിന്റെ ശിരോമണി അകാലിദള്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇതേ കര്‍ഷക സമരത്തിന്റെ മറവില്‍ പഞ്ചാബില്‍ അടിത്തറ ഉണ്ടാക്കി ഭരണം എഎപി പിടിച്ചെടുത്തതോടെയാണ് ബാദലിന് ബോധോദയം ഉണ്ടായിരിക്കുന്നത്.
ഇപ്പോള്‍ എങ്ങനെയും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ് അകാലിദള്‍ എന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത ആഘാതമേറ്റ ശിരോമണി അകാലിദളില്‍ നിന്നും നേരത്തെ തന്നെ പിരിഞ്ഞുപോയ ഓരോ വിഭാഗങ്ങളും ഒരുമിച്ച് നില്ക്കാന് തീരുമാനിച്ചിരിക്കുകയാണ്.
പഞ്ചാബില്‍ അധികാരം ലഭിക്കാതെ സമ്മര്‍ദ്ദത്തിലായ നിരവധി പാര്‍ട്ടികളാണ് നിലവിലുള്ളത്. ഏത് പരിധിവരെ പോകാനും മടിക്കാത്ത പാര്‍ട്ടികളാണ് ചുറ്റുമുള്ളതെന്ന് മനസിലാക്കിയാണ് ശിരോമണി അകാലിദള്‍ തങ്ങളില്‍ നിന്നും കൊഴിഞ്ഞു പോയ എല്ലാ വിഭാഗങ്ങളെയും കൂട്ടിയിണക്കി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. എ മുതല്‍ ഇസഡ് വരെയാണ് അകാലിദള്‍ സഖ്യങ്ങളുള്ളതെന്നാണ് പരക്കേ പരിഹസിക്കപ്പെടുന്നത്.
എസ്എഡി(എ), എസ്്എഡി (ബി), എസ്എഡി(ഡി), എസ്എഡി(ഡെമോക്രാറ്റിക്ക്) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഭാഗങ്ങളായാണ് അകാലിദള്‍ വിഘടിച്ച് പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ പരസ്യമായി പരസ്പരം ചെളിവാരി എറിയുന്ന നേതാക്കള്‍ക്ക് ജനങ്ങള്‍ക്ക് മുമ്പില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനായി അവര്‍ തന്നെ ഒരു വിഷയം ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ്. കാലാവധി കഴിഞ്ഞിട്ടും ജയിലഴിക്കുള്ളില്‍ വര്‍ഷങ്ങളായി കഴിയേണ്ടി വരുന്ന സിഖ് തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് ഒന്നിച്ച് നിന്ന് പോരാടാനാണ് ഇവരുടെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രധാന യോഗത്തില്‍ പ്രമുഖ നേതാക്കളായ സുഖ്ബീര്‍ സിംഗ് ബാദല്‍, ഹര്‍ജീന്ദര്‍ സിംഗ് ദാമി, ദിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഹര്‍മീദ് സിംഗ് കാല്‍ക്കാ തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തു. അകാലിദള്‍ രാഷ്ട്രീയത്തെ പഞ്ചാബില്‍ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള സംയുക്തമായ പദ്ധതികളാണ് യോഗത്തില്‍ ചര്‍ച്ചയായതെന്നാണ് വിവരം.
പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗവന്ദ് സിംഗ് മാന്‍ രാജിവച്ചതോടെ സംഗ്രൂരില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വരികയാണ്. ശിരോമണി അകാലിദള്‍ (എ) വിഭാഗം അദ്ധ്യക്ഷന്‍ സിമ്രാന്‍ജിത്ത് സിംഗ് മന്നാക്കും അകാലിദള്‍ വിഭാഗത്തില്‍ നിന്ന് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എഎപിയുടെ സിക്ക് നേതാക്കള്‍ തങ്ങളുടെ വിടവ് നികത്തുവോ എന്ന ഭയവും അകാലിദള്‍ നേതാക്കള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ശക്തമായ ഒരു സഖ്യം എന്‍ഡിഎയുമായി ചേര്‍ന്നുണ്ടാക്കി പഞ്ചാബ് രാഷ്ട്രീയത്തില്‍ വീണ്ടും ഒരു സ്ഥാനമുണ്ടാക്കാനാണ് നേതാക്കളുടെ പദ്ധതിയെന്നാണ് വിലയിരുത്തല്‍.