രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിലും എന്‍ഐഎയും ഇഡിയും നടത്തിയ തെരച്ചിലിനും അറസ്റ്റുകള്‍ക്കും പിന്നാലെ പിഎഫ്ഐയെ നിരോധിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക. സംസ്ഥാനത്ത് സംഘടനയെ നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ദേശീയ ഏജന്‍സികളുടെ റെയിഡിന് പിന്നാലെ കര്‍ണാടക പൊലീസും പോപ്പുലര്‍ ഫ്രണ്ടിന് എതികെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.
’18 ഇടങ്ങളില്‍ തിരച്ചില്‍ നടത്തി.15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴ്പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഞങ്ങളുടെ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്’. അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
കര്‍ണാടകയില്‍ ബെംഗളൂരു, മൈസൂരു, കലബുറഗി, ശിവമോഗ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായത്.ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ, സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ 22 പേര് അറസ്റ്റിലായി. എന്‍ഐഎ അറസ്റ്റിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
നിരവധി പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി.അറസ്റ്റിനെതിരെ ഹൂബ്ലിയില്‍ നടന്ന പ്രതിഷേധത്തില്‍ 50ലധികം പ്രവര്‍ത്തകര്‍ പിടിയിലായി. ഡക്കപ്പ സര്‍ക്കിളില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ എന്‍ഐഎയ്ക്കും ബിജെപി സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു.