രാജസ്ഥാനിലെ കരൗലിയിൽ സംഘർഷത്തെ തുടർന്ന് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദുക്കളെ ഇസ്ലാമിക തീവ്രവാദികൾ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്നും തുടരും. ജില്ലാ കളക്ടർ രാജേന്ദ്ര സിംഗ് ശേഖാവത് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാവിലെ എട്ട് മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
സംഘർഷ സാദ്ധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധാജ്ഞ നീട്ടിയത്. പ്രദേശത്ത് വീണ്ടും സംഘർഷത്തിന് സാദ്ധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നിയന്ത്രണങ്ങൾ നീട്ടാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. നാലിൽ കൂടുതൽ പേർ സംഘം ചേരുകയോ, പൊതുസ്ഥലത്ത് ആയുധങ്ങളുമായി നിൽക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാനാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെ 12 പേർ അറസ്റ്റിലായിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ്. ആളുകളുടെ സമൂഹമാദ്ധ്യമ ഇടപെടലുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. 1200 പോലീസുകാരെയാണ് സംഘർഷ മേഖലയിൽ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്.ശനിയാഴ്ച വൈകീട്ടാണ് ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ഹിന്ദുക്കൾക്ക് നേരെ ഇവർ കല്ലെറിയുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം സംസ്ഥാനത്തെ അശോക് ഗെഹ്‌ലോട്ട് സർക്കാർ സ്വീകരിക്കുന്ന പ്രീണന മനോഭാവമാണ് ഈ സംഭവത്തിനു കാരണമെന്നു ബിജെപി ആരോപിച്ചു.