കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്ന യുവനേതാക്കളുടെ പ്രവര്‍ത്തനങ്ങളെ മുതിര്‍ന്ന നേതാക്കള്‍ മോശമായി സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കി ഹാര്‍ദ്ദിക്ക് പട്ടേല്‍ രംഗത്തെത്തിയിരുന്നു. ഇത് ഗുജറാത്ത് കോണ്‍ഗ്രസിലെ ഭിന്നതകള്‍ വ്യക്തമാക്കുന്നതുമായിരുന്നു. അതിനൊപ്പം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രകീര്‍ത്തിക്കാനും അദ്ദേഹം മറന്നിരുന്നില്ല. ഹാര്‍ദ്ദിക്ക് പട്ടേലിന്റെ അഭിപ്രായപ്രകടനങ്ങള്‍ പലവിധ വിവാദങ്ങളും സൃഷ്ടിച്ചിരുന്നെങ്കിലും താന്‍ ബിജെപിയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് അദ്ദേഹം. വാട്‌സ്ആപ്പില്‍ നിന്നും ട്വിറ്ററില്‍ നിന്നുമാണ് അദ്ദേഹം കോണ്‍ഗ്രസ് എന്ന വാക്ക് ഒഴിവാക്കിയിരിക്കുന്നത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഹര്‍ദിക് പട്ടേലും പാര്‍ട്ടിയും തമ്മിലുള്ള ഭിന്നത പുറത്ത് വരുന്നത് . കോണ്‍ഗ്രസിലെ തന്റെ പോസ്റ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എല്ലാം ഹര്‍ദിക് പട്ടേല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കംചെയ്തിട്ടുണ്ട്. വാട്സാപ്പില്‍ തന്നെക്കുറിച്ച് പരാമര്‍ശിക്കുന്ന ബയോയില്‍ നിന്നാണ് കോണ്‍ഗ്രസ് എന്ന വാക്ക് നീക്കം ചെയ്തത്.നേരത്തെ, ഹര്‍ദിക് പട്ടേലിന്റെ ബയോയില്‍ ‘ഗുജറാത്ത് കോണ്‍ഗ്രസ്’ എന്ന് ഉണ്ടായിരുന്നു അതാണ് ഇപ്പോള്‍ അദ്ദേഹം നീക്കം ചെയ്തത്. കഴിഞ്ഞയാഴ്ച അസമിലെ വഡ്ഗാം എംഎല്‍എ ജിഗ്‌നേഷ് മേവാനി ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍, ഗുജറാത്തില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് റാലി പ്രഖ്യാപിച്ചിരുന്നു . മേവാനി സ്വതന്ത്ര എംഎല്‍എയാണെങ്കിലും കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു.
ഇതു കൊണ്ടാണ് മേവാനിയ്ക്കായി കോണ്‍ഗ്രസ് റാലി പ്രഖ്യാപിച്ചത്. ജിഗ്‌നേഷ് മേവാനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ അഹമ്മദാബാദില്‍ ഗുജറാത്ത് കോണ്‍ഗ്രസ് ‘സത്യമേവ ജയതേ ജനസഭ’ സംഘടിപ്പിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പോസ്റ്ററിലെ ഹര്‍ദിക്കിന്റെ ചിത്രം പിന്നീട് അപ്രത്യക്ഷമായി. തൊട്ടുപിന്നാലെയാണ് ഹര്‍ദിക് തന്റെ ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസിനെയും ഒഴിവാക്കിയത്. ബിജെപിയുടെ തീരുമാനമെടുക്കാനുള്ള കഴിവിനെ ഹാര്‍ദ്ദിക്ക് പ്രകീര്‍ത്തിച്ചതിനൊപ്പം ഗുജറാത്ത് കോണ്‍ഗ്രസിലെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. താന്‍ അഭിമാനിയായ ഹിന്ദുവാണെന്ന് പറഞ്ഞ ഹര്‍ദിക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അയോധ്യയില്‍ രാമക്ഷേത്രം പണിയല്‍ തുടങ്ങിയ തീരുമാനങ്ങളില്‍ ബിജെപിയെ പിന്തുണച്ചിരുന്നു.