പ്രതിരോധ രംഗത്ത് നിര്‍ണായക സഹകരണത്തിനൊരുങ്ങി ഇന്ത്യയും അമേരിക്കയും എന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയുടേയും അമേരിക്കയുടേയും പ്രതിരോധ സഹകരണം. ജെറ്റ് എന്‍ജിന്‍ നിര്‍മാണത്തില്‍ ആഗോളതലത്തില്‍ പ്രധാനിയായ അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ സഹകരണത്തില്‍ ഇന്ത്യയില്‍ ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജിഇക്കൊപ്പം ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുമായും പേരു വെളിപ്പെടുത്താത്ത സ്വകാര്യ പ്രതിരോധ കമ്പനിയുമായും സഹകരിച്ചാണ് ജിഇ 414 ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുക. എല്‍സിഎ മാര്‍ക്ക് II (ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്) വിഭാഗത്തില്‍ പെടുന്ന ജെറ്റുവിമാനങ്ങളിലാണ് ഈ എന്‍ജിനുകള്‍ ഉപയോഗിക്കാനാവുക. അടുത്തവര്‍ഷം തന്നെ ഇന്ത്യയില്‍ നിര്‍മിക്കുന്ന എന്‍ജിനുകളുള്ള പോര്‍വിമാനങ്ങള്‍ പറന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒയും യുഎസ് ബഹിരാകാശ ഏജന്‍സി നാസയും ചേര്‍ന്നു വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാറായ നിസാര്‍ വിക്ഷേപണത്തിനായി ഇന്ത്യയില്‍ എത്തിച്ചെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. യുഎസ് വ്യോമസേനയുടെ സി17 എയര്‍ ക്രാഫ്റ്റാണ് നിസാറിനെ കലിഫോര്‍ണിയിയില്‍നിന്ന് ബെംഗളൂരുവില്‍ എത്തിച്ചത്. ഭൂമിയിലെ പ്രകൃതിദുരന്ത സാധ്യതകളും മഞ്ഞുപാളികളില്‍ വരുന്ന മാറ്റവും നിരീക്ഷിക്കാനായി നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി തയ്യാറാക്കിയ ഉപഗ്രഹമാണ് നിസാര്‍ (NASA-ISRO Synthetic Aperture Radar (NISAR)). വ്യോമയാന രംഗത്ത് ഇന്ത്യയും യുഎസും തമ്മിലുള്ള സംയുക്ത ഇടപെടല്‍ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് നിസാറിനെ കാണുന്നത്.
ചെയര്‍മാന്‍ എസ്. സോമനാഥിന്റെ നേതൃത്വത്തില്‍ ഐഎസ്ആര്‍ഒ സംഘം കലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. പ്രകൃതിദുരന്ത സാധ്യതകളും മഞ്ഞുപാളികളില്‍ വരുന്ന മാറ്റവും നിരീക്ഷിക്കുന്നതിനുള്ള റഡാര്‍ ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക. ഏതു കാലാവസ്ഥയിലും മേഘങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി ചിത്രങ്ങളെടുക്കാന്‍ നിസാറിന് കഴിയുമെന്നാണ് ഐഎസ്ആര്‍ഒയും നാസയും വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ഹിമാലയത്തിലെ മഞ്ഞുപാളികളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളും നിരീക്ഷിക്കാനാണ് ഐഎസ്ആര്‍ഒ ഇത് ഉപയോഗിക്കുക. 2800 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. ഒരു എസ്യുവി കാറിന്റെ വലിപ്പമാണ് ഉപഗ്രഹത്തിനുള്ളത്. അടുത്ത വര്‍ഷം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാകും നിസാര്‍ വിക്ഷേപിക്കുക.