കണ്ണൂരില്‍ പോലീസ് കനത്ത ജാഗ്രതയില്‍ ; ഇന്ന് ബലിദാനദിനാചരണം

National

യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ 23ാം ബലിദാന ദിനാചരണമാണ് ഇന്ന് . കണ്ണൂര്‍ കനത്ത ജാഗ്രതയിലാണ്. ബലിദാന ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന റാലിയിലും പൊതുസമ്മേളനങ്ങളിലും പൊലിസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് വന്‍ പൊലിസ് സന്നാഹമേര്‍പ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കണ്ണൂരിലെത്തുക.

ഇതിനിടയില്‍ അക്രമമൊഴിവാക്കുന്നതിനാണ് പൊലിസ് സുരക്ഷ ശക്തമാക്കുന്നത്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ബഹുജനറാലി വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ പ്രഭാത് ജംഗ്ഷനില്‍ നിന്നാരംഭിച്ച് സമ്മേളന നഗരിയായ കലക്ടറേറ്റ് മൈതാനിയില്‍ സമാപിക്കും. പൊതുസമ്മേളനം യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി. അബ്ദുളളക്കുട്ടി, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ. പത്മനാഭന്‍, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ തുടങ്ങിയ വിവിധ നേതാക്കള്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം രാവിലെ രാവിലെ മോകേരിയിലെ ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ നിന്നാരംഭിച്ച ബലിദാന്‍ ജ്യോതി കൂത്തുപറമ്പ് വഴി വൈകുന്നേരം കണ്ണൂരിലെ സമ്മേളന നഗരിയിലെത്തിയിരുന്നു.

കതിരൂരില്‍ നിന്നാരംഭിച്ച കൊടിമരജാഥയും മട്ടന്നൂരില്‍ നിന്നാരംഭിച്ച പതാകജാഥയും കൂത്തുപറമ്പില്‍ സംഗമിച്ച് വൈകുന്നേരത്തോടെ സമ്മേളന നഗരിയിലെത്തിയിരുന്നു.ഇന്ന് രാവിലെ 7.30 ന് മാക്കൂല്‍പീടികയിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും സാംഘിക്കും നടന്നു. ബലിദാന വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് സ്ട്രീറ്റ് എന്ന പേരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കണ്ണൂര്‍ നഗരത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണൂര്‍ ജില്ലയില്‍ നടന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും നേര്‍ചിത്രം വരച്ച് കാട്ടുന്ന ഫോട്ടോപ്രദര്‍ശനവും നടന്നുവരികയാണ്. കഴിഞ്ഞ തവണ തലശേരിയില്‍ നടന്ന ബലിദാനദിനാചരണത്തിന്റെ ഭാഗമായി പിന്‍നിരയില്‍ നിന്നും ചില പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് പൊലിസ് കേസെടുത്തിരുന്നു. ഇക്കുറി ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് യുവമോര്‍ച്ചാ നേതൃത്വവും ജാഗ്രതയിലാണ്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.