അപ്പവും അരവണയും ഭക്തര്‍ക്ക് കൊടുത്തില്ലെങ്കില്‍ കിട്ടും പണി; പിടി വിടാതെ കോടതിയുടെ മാസ് എന്‍ട്രി കര്‍ശന നടപടിയെടുക്കുമെന്ന് കോടതിയുടെ താക്കീത്

National

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അറിവോടെ നടക്കുന്ന അഴിമതി കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എന്നാല്‍ പഴയ പോലെയല്ല , കോടതി ശബരിമലയിലെ പ്രശ്‌നങ്ങളില്‍ എല്ലാ യഥാ സമയത്ത് നടത്തുന്ന ഇടപെടലുകള്‍ ഇപ്പോള്‍ ശബരിമലയില്‍ ഭക്തരെ പിഴിയാന്‍ പദ്ധതിയിട്ടവരെ വെട്ടിലാക്കുന്നതാണ്. ശബരിമലയില്‍ ഭക്തരുടെ വികാരം മനസിലാക്കാതെയുള്ള സംസ്ഥാന സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നടപടിയ്ക്കെതിരെ കോടതി കട്ടക്കലിപ്പിലായിരുന്നു രംഗത്തെത്തിയത്. ശബരിമല ദര്‍ശനത്തിനു ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്നു കാണിച്ചു പരസ്യം നല്‍കാന്‍ ആരാണ് അനുവാദം നല്‍കിയതെന്നാണ് കോടതി ചോദിച്ചത്. ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതായിരുന്നു.

പ്രത്യേക സുരക്ഷാ മേഖലയാണു ശബരിമല ഉള്‍പ്പെടുന്ന പ്രദേശം എന്നതിനാല്‍ കമ്പനിക്കെതിരെ എന്തു നടപടി എടുത്തു എന്നായിരുന്നു ദേവസ്വം ബോര്‍ഡിനോടുള്ള കോടതിയുടെ ചോദ്യം. പിന്നാലെ ശബരിമലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്തും ഹൈക്കോടതി രംഗത്തെത്തി. സ്പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ കൂടിയനിരക്ക് ഈടാക്കുന്നുവെന്ന പരാതിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് സ്വമേധയാ പരിഗണിച്ചത്. എരുമേലി, റാന്നി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ പമ്പവരെ നീട്ടി എല്ലാം സ്പെഷ്യല്‍ സര്‍വീസായി മാറ്റിയിട്ടുണ്ടോ എന്നാണ് കോടതി ചോദിച്ചത്. തീര്‍ന്നില്ല, കോടതി ശബരിമലയില്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ശബരിമലയില്‍ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സ്പെഷ്യല്‍ കമ്മീഷണര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്.വ്യാഴാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അരവണ ടിന്‍ വിതരണത്തില്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണം. അരവണ ടിന്‍ വിതരണത്തില്‍ കരാറുകാരന്‍ വീഴ്ച്ച വരുത്തിയാല്‍ കര്‍ശന നടപടി എടുക്കാനും ഉത്തരവുണ്ട്. ആവശ്യമായ അരവണ ടിന്‍ കരാറുകാരന്‍ വിതരണം ചെയ്യുന്നില്ലെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിലാണ് നടപടി. നിലവില്‍ 25 ദിവസത്തേക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ അരവണ ടിന്‍ സ്റ്റോക്ക് ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരിക്കുകയാണ്. ഇതോടെ ദേവസ്വംബോര്‍ഡിന്റെ തട്ടിപ്പുകള്‍ ഇനി വിലപ്പോവില്ല എന്ന് ഉറപ്പാകുകയാണ്.

അതേ സമയം സന്നിധാനത്തും തട്ടിപ്പുകള്‍ പൂട്ടിക്കെട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ് കോടതി. ശബരിമല സന്നിധാനത്തെ കൊളള വില ഈടാക്കുന്ന കടകളില്‍ പരിശോധന നടത്തി. മൂന്നു കടകളില്‍ നിന്ന് പിഴ ഈടാക്കി. പത്തിലധികം കടകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവന്‍ ഹോട്ടല്‍. ഇവരാണ് 5000 രൂപ പിഴയടച്ചത് . വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റ് പരിശോധന നടത്തിയത്.

ജ്യൂസ് കടയില്‍ അളവിലും , ഗുണത്തിലും, വിലയിലും തട്ടിപ്പ് നടത്തി. ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം എടുക്കും. 43 രൂപയുള്ള തണ്ണിമത്തന്‍ ജ്യൂസിന് 54 രൂപയാണ് വാങ്ങിയത്. പാത്രക്കടയില്‍ 120 രൂപ തീരുമാനിച്ച പാത്രത്തിന് 150 രൂപയാണ് ഈടാക്കിയിരുന്നത്. കൊള്ളവില പരസ്യമായി എഴുതി വച്ചായിരുന്നു കച്ചവടം. ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിനാണ് പാണ്ടിത്താവളത്തിലെ ഹോട്ടലിന് പിഴയിട്ടത്. രാവിലെ നടത്തിയ പരിശോധനയില്‍ കടകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരുന്നു. ഇവര്‍ക്ക് താക്കീത് നല്‍കി. താക്കീത് നല്‍കിയിട്ടും തട്ടിപ്പ് തുടര്‍ന്ന കടകള്‍ക്കാണ് പിഴയിട്ടത് . ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരെയാണ് കബളിപ്പിക്കുന്നത്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.