തുഷാര്‍ എവിടെയെന്നറിയില്ല ; അണിയറയില്‍ നീക്കം തുടങ്ങി ; അന്വേഷണ സംഘം കൊച്ചിയില്‍

National

തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരയിലൂടെ ടിആര്‍എസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ കേരളത്തിലെ എന്‍ ഡി എ കണ്‍വീനറും ബി ഡി ജെ എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിക്കായി ഹൈദരാബാദ് പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. ഓപ്പറേഷന്‍ താമര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നടപടി. ഡോ. ജഗ്ഗു സ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. തുഷാര്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടര്‍ ജെഗു സ്വാമി എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തെലങ്കാന പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.

ഹൈദരാബാദിലെ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെത്താനായിരുന്നു നിര്‍ദേശം. ഓപ്പറേഷന്‍ താമര ചര്‍ച്ചയ്‌ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരും സംഭാഷണങ്ങളില്‍ പലതവണ പേരാവര്‍ത്തിച്ചതാണു തുഷാറിനെയും ബി.എല്‍. സന്തോഷിനെയും ജഗു സ്വാമിയെയും വിളിപ്പിക്കാനുള്ള കാരണം. അറസ്റ്റിലായ മൂന്നുപേരെയും അഹമ്മദാബദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടു മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തന്നെ ആരോപിച്ചിരുന്നു. തൊട്ടടുത്ത ദിവസം പണം വാഗ്ദാനം ചെയ്ത, ജഗു സാമിയെ തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ റെയ്ഡ് നടത്തി. ഇതിനു പിറകെയാണു തുഷാറിനു നോട്ടിസ് അയച്ചത്. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് തുഷാര്‍ വെള്ളാപ്പള്ളിയാണ് എന്നാണ് കെ സി ആര്‍ ആരോപിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ ഏജന്റുമാരാണ് എന്നാണ് സൂചന. ഇവര്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ കെ സി ആര്‍ പുറത്തുവിട്ടിരുന്നു. തെലങ്കാന പൊലീസ് കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. മലയാളിയായ നല്‍ഗൊണ്ട എസ് പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്. തെലുങ്കാനയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചിയില്‍ ഇപ്പോഴും തമ്പടിച്ചിരിക്കുകയാണ് എന്നാണ് വിവരം. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് കൂടുതല്‍ സമയം തേടിയിട്ടുണ്ട്.

ഇതിനിടെ കേസ് സിബിഐയ്ക്കു കൈമാറണെന്ന ബി.ജെ.പി. ആവശ്യം കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലാക്കി. ടി.ആര്‍.എസിന്റെ നാലു എം.എല്‍.എമാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്‌തെത്തിയ മൂന്നുപേര്‍ കഴിഞ്ഞമാസം 27നാണ് അറസ്റ്റിലായത്. അതേ സമയം ബിജെപി നേതൃത്വവും ഗൗരവതരമായാണ് ഈ സംഭവം ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.