ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി പുനസ്ഥാപിച്ചു. 2021 ജനുവരി 19ന് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയ ഹര്‍ജിയാണ് ഇപ്പോള്‍ പരിഗണിച്ചത്. ഹര്‍ജി ജൂലൈ 25ന് കോടതി പരിഗണിക്കും. മഥുരയിലെ ഷാഹി മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കൃഷ്ണ ജന്മസ്ഥാനത്താണ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മെഹക് മഹേശ്വരിയാണ് ഹരജി സമര്‍പ്പിച്ചത്. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തകര്‍ത്ത കത്ര കേശവദേവ് ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെന്നും അതിന് പകരം ഷാഹി മസ്ജിദ് പണിതതായും ഹര്‍ജിയില്‍ പറയുന്നു.ഒരു പള്ളി ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒരു ആരാധനാലയം തകര്‍ന്നുകിടക്കുകയാണെങ്കില്‍പ്പോലും അവരുടെ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യത്തിന് അത് പ്രധാനമാണെന്നും ഹരജിയില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം.