അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി പ്രശസ്തമായ ചന്ദ്രപൂര്‍ തേക്ക് തടി അയക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ചന്ദ്രപൂരിലെ വനങ്ങളില്‍ വളരുന്ന തേക്ക് തടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഘടനാപരമായി 1000 വര്‍ഷത്തോളം ശക്തമായി നിലകൊള്ളുന്ന തരത്തിലാണ് രാമക്ഷേത്രം നിര്‍മിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ചന്ദ്രപൂരില്‍ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ ലോഡ് തേക്ക് തടികള്‍ ബുധനാഴ്ച പുറപ്പെടും.
നേപ്പാളില്‍ നിന്ന് ഷാലിഗ്രാം കല്ല് അയോദ്ധ്യയില്‍ ഇറക്കുമതി ചെയ്തിരുന്നു. ചന്ദ്രപൂര്‍ തടികള്‍ അയക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് പദ്ധതികള്‍ സംസ്ഥാനത്ത് നടക്കുകയാണ്. ചന്ദ്രപൂര്‍ തേക്ക് തടികള്‍ രാമക്ഷേത്രത്തിന്റെ പ്രധാന കവാടങ്ങളും മറ്റ് പ്രവേശന ഭാഗങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കും. വിദഗ്ദര്‍ നടത്തിയ ഗവേഷണത്തിന് ശേഷമാണ് ചന്ദ്രപൂരില്‍ നിന്ന് തേക്ക് തടി കണ്ടെത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ളതാണ് ചന്ദ്രപൂര്‍ തേക്ക് തടിയെന്ന് അധികൃതര്‍ അറിയിച്ചു.
എഞ്ചിനീയര്‍മാരും നിര്‍മ്മാണ കമ്പനിയായ എല്‍ ആന്‍ഡ് ടി യിലെ ഉദ്യോഗസ്ഥരും ചന്ദ്രപൂരിലെ ബല്ലാര്‍ഷായില്‍ സൂക്ഷിച്ചിരിക്കുന്ന തടിയുടെ ഗുണനിലവാരം പരിശോധിച്ചു. ആഘോഷങ്ങളോടും പ്രാര്‍ത്ഥനയോടും കൂടിയാകും തേക്കുതടി അയോദ്ധ്യയില്‍ എത്തിക്കുന്നത്. ബല്ലാര്‍പൂരില്‍ നിന്ന് ശോഭയാത്ര നടത്തുമെന്ന് മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞു. ചന്ദ്രപൂരിലെ മഹാകാളി ക്ഷേത്രത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും നിരവധി പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.