ഷിന്‍ഡേ സര്‍ക്കാരിന്റെ ഭാവി പ്രവചിക്കുകയാണ് ഉദ്ദവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വിനോദം. ഷിന്‍ഡേ സര്‍ക്കാര്‍ നിലംപതിക്കാന്‍ ദിവസങ്ങള്‍ മാത്രം, പതിനഞ്ച് ദിവസത്തിനുള്ളില്‍ ഷിന്‍ഡേ സര്‍ക്കാര്‍ വീഴുമെന്നൊക്കെ പ്രവചിച്ച പ്രവചന സിംഹമായ സഞ്ജയ് റാവത്തിന് പക്ഷേ തന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷികളെ കുറിച്ച് മനസിലാക്കാനോ പ്രവചനങ്ങള്‍ നടത്താനോ പറ്റിയില്ല എന്നത് ഖേദകരമാണ്. കര്‍ണാടകയിലെ ജയത്തോടെ കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുമ്പ് താരമാണെന്ന കാര്യം ആദ്യമേ പറയട്ടെ. പക്ഷേ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ട എന്‍സിപിക്ക് മുന്നില്‍ വലിയൊരു വെല്ലുവിളി തന്നെയുണ്ട്. തിരിച്ചുവരവ് ഗംഭീരമാക്കണമെന്നതാണ് അവരുടെ ലക്ഷ്യം.
കര്‍ണാടകയില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും കാര്യമായ ചലന സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്ന നിരാശ ഒരുവശത്ത് നിലനില്‍ക്കേ മഹാരാഷ്ട്ര ഉദ്ദവ് വിഭാഗം ശിവസേനയ്ക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ് എന്‍സിപിയുടെ ലക്ഷ്യമെന്ന് പറയേണ്ടി വരും. മഹാവികാസ് അഖാഡിയുടെ രണ്ടുകക്ഷികളും തര്‍ക്കത്തിലാണെന്ന് കോണ്‍ഗ്രസ സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പട്ടോലെ പറയുമ്പോഴും വാസ്തവത്തില്‍ മൂന്നു പാര്‍ട്ടികളും തര്‍ക്കത്തില്‍ തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട. പ്രതിപക്ഷ ഐക്യത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ സീറ്റ് വിഭജനത്തില്‍ കൊമ്പുകോര്‍ത്ത് ഉദ്ധവ് താക്കറെ സേനയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും എന്ന വാര്‍ത്തയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
പാര്‍ട്ടിയിലെ കൂറുമാറ്റത്തിന് ശേഷം തങ്ങള്‍ക്ക് വലിയ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ശിവസേന (യുബിടി) വിഭാഗം തങ്ങള്‍ വിജയിച്ച ലോക്സഭാ സീറ്റുകളില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോള്‍ 2021ല്‍ തങ്ങള്‍ വിജയിച്ച ദാദാര നഗര്‍ ഹവേലി ഉള്‍പ്പെടെ 19 ലോക്സഭാ സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കണമെന്നാണ് സഞ്ജയ് റാവത്തിന്റെ ആവശ്യം. മറുവശത്ത്, കോണ്‍ഗ്രസിനെയും ശിവസേനയെയും അപേക്ഷിച്ച് തങ്ങള്‍ക്ക് ശക്തമായ കേഡറും എണ്ണത്തില്‍ കൂടുതല്‍ എംഎല്‍എമാരുമുണ്ടെന്ന് എന്‍സിപി വിശ്വസിക്കുന്നു. ഒരു മണ്ഡലത്തിലും ഒരു പാര്‍ട്ടിയുടെയും കുത്തക പാടില്ലെന്നായിരുന്നു എന്‍സിപി നേതാവ് അജിത് പവാര്‍ പ്രതികരിച്ചത്. സീറ്റ് വിഭജനത്തിന് പിന്നിലെ തന്റെ ഗണിതശാസ്ത്രം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘ഒരു കാലത്ത് കോണ്‍ഗ്രസ് എന്‍സിപിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയിരുന്നു.’
എന്നു കരുതി ഇ്‌പ്പോള്‍ തങ്ങളാണ് ശക്തമെന്ന നിലപാടാണ് പവാറിന്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് പിന്നാലെ എന്‍സിപി നേതാവ് ശരദ് പവാറും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്ന് പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഒരു വശത്ത് പ്രതിപക്ഷ ഐക്യം എന്ന ഫോര്‍മുല പരീക്ഷിക്കാന്‍ ഒരുങ്ങുമ്പോള്‍ മറുവശത്ത് മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സഖ്യത്തിന്റെ ഒടുക്കത്തിന്റെ തുടക്കമാണെന്നും പറയേണ്ടി വരും.