കഴിഞ്ഞവര്‍ഷം ബിജെപി മുന്‍ വക്താവ് നൂപൂര്‍ ശര്‍മ്മയുടെ വാക്കുകള്‍ വളച്ചൊടിച്ച് വലിയൊരു കലാപം രാജ്യത്ത് ഇളക്കി വിടാനുള്ള ശ്രമങ്ങള്‍ രാജ്യം കണ്ടതാണ്. നൂപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പൂരിലും മഹാരാഷ്ട്രയിലെ അമരാവതിയിലും നടന്ന അരും കൊലകളും നാം കണ്ടു. ജി 20 ഉള്‍പ്പെടെയുള്ള ഉച്ചകോടിക്ക് ഇന്ത്യ വേദിയാവുകയും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയുമൊക്കെ ചിലരെ ചൊടിപ്പിക്കും. അവരുടെ ലക്ഷ്യങ്ങളെ അത് ബാധിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദ സാന്നിദ്ധ്യം കുറയ്ക്കാന്‍ ആഭ്യന്തരമന്ത്രാലയം കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതിനിടയിലാണ് മണിപ്പൂരില്‍ നിന്നും ചില വാര്‍ത്തകള്‍ വരുന്നത്. സൈന്യത്തിന്റെയും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും കൃത്യമായ ഇടപെടലിലാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നതില്‍ നിന്നും ഒഴിവാകുന്നത്. ഇപ്പോള്‍ ചില രാജ്യവിരുദ്ധ ശക്തികള്‍ ലക്ഷ്യം വയ്ക്കുന്നത് മഹാരാഷ്ട്രയാണോ എന്ന സംശയം ഒരുവശത്ത് ഉയരുന്നുണ്ട്.
നാസിക്കിലെ ത്രൈയംബകേശ്വരക്ഷേത്രത്തില്‍ മറ്റൊരു മതത്തില്‍പ്പെട്ട സംഘം പച്ചക്കൊടികളുമായി അതിക്രമിച്ച് കയറി ആരാധന നടത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു. ഇല്ലാത്ത ആചാരത്തിന്റെ പേരിലാണ് മറ്റൊരു മതത്തില്‍പ്പെട്ടവര്‍ ക്ഷേത്രത്തിന് അകത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതെന്ന് ഹിന്ദു വിശ്വാസികള്‍ പറയുന്നു. മെയ് 13നാണ് അന്യമതസ്ഥരായ ഒരു സംഘം ക്ഷേത്രത്തിനുള്ളില്‍ കയറാനെത്തിയത്. ഇതിനെതിരെ ക്ഷേത്രസമിതി പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു.ഈ കേസില്‍ ക്ഷേത്രപരിശുദ്ധ കളങ്കപ്പെടുത്തിയതിന് നാല് പേര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഒരു പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അന്വേഷിച്ചുവരികയാണ്. ഇങ്ങിനെ അന്യമതസ്ഥരുടെ ഒരു ആരാധനാക്രമം ഈ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നില്ലെന്ന് ബിജെപി എംഎല്‍എ നിതേഷ് റാണെ പറഞ്ഞു.
ചന്ദനമേറ്റിയുള്ള പദയാത്രയ്ക്ക് ശേഷം ധൂപം സമര്‍പ്പിക്കുന്ന ഒരു ആരാധനാക്രമവും ത്രിംബകേശ്വരക്ഷേത്രത്തിലില്ലെന്ന് ക്ഷേത്ര ട്രസ്റ്റികളും പ്രദേശവാസികളും പറഞ്ഞതായി നിതേഷ് കുമാര്‍ റാണെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ യുവാക്കളുടെ സംഘം ക്ഷേത്രത്തിലെത്തിയ ശേഷം അവിടെ ധൂപം വീശുന്ന ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് ദശകങ്ങളായി നടന്നുവരുന്ന ആചാരമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍ അവരുടെ അപേക്ഷ ക്ഷേത്രം അധികൃതര്‍ നിഷേധിച്ചപ്പോള്‍ അവര്‍ മടങ്ങിപ്പോവുകയായിരുന്നു.ശിവഭഗവാന്റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ത്രിംബകേശ്വര ക്ഷേത്രത്തില്‍ ഹിന്ദുക്കളെ മാത്രമേ പ്രവേശിപ്പിക്കാറുള്ളൂ എന്നും ക്ഷേത്ര നടത്തിപ്പ് കമ്മിറ്റി പറയുന്നു. ഉദ്ധവ് വിഭാഗം ശിവസേനയുടെ നേതാവ് സഞ്ജയ് റാവുത്ത് ഇക്കാര്യത്തില്‍ ധൂപം ഉഴിയാന്‍ വന്ന സംഘത്തിനെ അനുകൂലിക്കുകയാണ്.
100 വര്‍ഷമായി നടന്നുവരുന്ന ആചാരമാണ് അന്യമതത്തില്‍പ്പെട്ടവര്‍ ധൂപം ഉഴിയുന്ന ചടങ്ങെന്നാണ് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെടുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇങ്ങിനെ ഒരു ആചാരം നിലനില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മുടക്കാന്‍ പാടില്ലെന്ന് രാജ് താക്കറെയും പറയുന്നു. എന്തായാലും അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്നിരിക്കെ വെല്ലുവിളികളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ത്രൈയംബകേശ്വര ക്ഷേത്രത്തെയും ചിലര്‍ ലക്ഷ്യവെയ്ക്കുന്നതെന്നാണ് വിശ്വാസി സമൂഹം പറയുന്നത്.