കേരളത്തിന് പുറമേ പശ്ചിമബംഗാളിലും തൃപുരയിലും മണിപ്പൂരിലുമെല്ലാം ആധിപത്യമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു സിപിഎം. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് അധികാരത്തിലുള്ളത്. ബാക്കി സംസ്ഥാനങ്ങളിലെല്ലാം അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം അവരുടെ ഭരണത്തെ തൂത്തെറിയാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കി. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നിലാണ് സിപിഎം അടിയറവ് പറഞ്ഞത്.
ഇപ്പോള്‍ സിപിഎമ്മിന്റെ ദുര്‍ഭരണത്തിന്റെ കഥകള്‍ പുറത്തുവിടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലെ ആരോപണവുമായാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സിപിഐഎം ഭരണകാലത്തെ നിയമനങ്ങളിലെ അനധികൃത ഇടപെടലുകള്‍ പുറത്തുവിടുമെന്നാണ് മമതയുടെ ഭീഷണി.
സര്‍ക്കാര്‍ സ്‌കൂള്‍ നിയമന അഴിമതിയുമായ ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ പേര് ചര്‍ച്ചയാകുന്നതിനിടെയാണ് സിപിഐഎമ്മിന് നേരെ ഭീഷണിയുമായി മമതയെത്തിയത്. ജംഗല്‍ മഹലിലെ ജാര്‍ഗ്രമില്‍ തൃണമൂലിന്റെ റാലിയില്‍ പങ്കെടുക്കുകയായിരുന്നു മമത. വെറും കടലാസില്‍ എഴുതിക്കൊടുത്ത് സിപിഐഎം വേണ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ വാങ്ങിക്കൊടുത്തിട്ടുണ്ട്.
ഇത് വരെ അക്കാര്യങ്ങളൊന്നും പുറത്തു വിടാതിരുന്നത് രാഷ്ട്രീയ മര്യാദയെ കരുതിയാണെന്ന് മമത തുറന്നടിച്ചു. പക്ഷേ ഇപ്പോള്‍ മുതല്‍ ഓരോന്നായി പുറത്തു വിടുമെന്ന് മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ രാഷ്ട്രീയത്തില്‍ രണ്ട് സഹോദരന്‍മാരുണ്ട്. ബംഗാളിലെ വോട്ടര്‍മാര്‍ക്ക് അതറിയാം.
ഈ രണ്ട് പാര്‍ട്ടികളും വികസനപ്രവര്‍ത്തനങ്ങളെ തടയാന്‍ ശ്രമിക്കുന്നു. പക്ഷെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് തന്നെ പോകുമെന്നാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും എതിരെ മമത പറയുന്നത്. എന്നാല്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയിലെ ഭിന്നതകളും അഴിമതി ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ പറയുന്നത്.