മുസ്ലീങ്ങളോട് മൃദുസമീപനത്തിനും, അവരിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനും ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം സംവാദങ്ങള്‍ക്കാണ് ബിജെപി തുടക്കമിടുന്നത്. മോദി മിത്ര എന്നാണ് ഈ ആശയവിനിമയത്തിന്റെ പേര്. ഇപ്പോഴിതാ, രാജ്യത്തെ 65 ലോക്സഭാമണ്ഡലങ്ങളില്‍ ‘മോദി മിത്ര’ പ്രചാരണം ആരംഭിക്കുമെന്ന് ന്യൂനപക്ഷമോര്‍ച്ച അറിയിച്ചു. ഏപ്രില്‍ 20 മുതല്‍ 2024 ഫെബ്രുവരി വരെയാണ് പ്രചാരണം നടക്കുന്നത്.
65 ലോക്സഭാമണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ക്ക് പ്രചാരണം നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി പറഞ്ഞു. പ്രചാരണം അവസാനിക്കുന്ന ഫെബ്രുവരിയില്‍ പ്രധാനമന്ത്രിക്കൊപ്പം സംവാദ പരിപാടി സംഘടിപ്പിക്കുമെന്നും ജമാല്‍ സിദ്ദിഖി അറിയിച്ചു.
ക്യാമ്പെയ്‌നുകള്‍, സെമിനാറുകള്‍, കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രചാരണത്തില്‍ പ്രദര്‍ശിപ്പിക്കും. സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നവരെ മോദി മിത്രയില്‍ ക്യാമ്പെയ്ന്‍ ചെയ്യുമെന്നും മോദി സര്‍ക്കാരിന്റെ സന്ദേശങ്ങളും നയങ്ങളും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിയുമെന്നും ന്യൂനപക്ഷ മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ശ്രമം ബിജെപി ആരംഭിച്ചത്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ എന്ന നയമാണ് ബിജെപി പുതിയതായി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ മുസ്ലീങ്ങളുടെ വിശ്വാസം കൂടി നേടിയെടുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപി മുസ്ലീം ഭൂരിപക്ഷമുള്ള 65 ലോക്സഭാ സീറ്റുകളാണ് കണ്ടുവെച്ചിരിക്കുന്നത്. ഇത് മുപ്പത് ശതമാനത്തോളം വരും. അതില്‍ തന്നെ പതിമൂന്നെണ്ണം വീതം ഉത്തര്‍പ്രദേശിലും, പശ്ചിമ ബംഗാളിലുമാണ്.
ജമ്മു കശ്മീരില്‍ അഞ്ചും, ബീഹാറില്‍ നാലും, കേരളം, അസം, എന്നിവിടങ്ങളില്‍ അഞ്ച് വീതം സീറ്റും, മധ്യപ്രദേശില്‍ നിന്ന് മൂന്നും, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം സീറ്റുകളും, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റും ഇതില്‍ വരും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലാത്ത മുസ്ലീങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുകയാണ് മോദി പദ്ധതിയിടുന്നത്. മോദിയുടെ ക്ഷേമ പദ്ധതികളില്‍ താല്‍പര്യമുള്ളവരായിരിക്കും ഇവരെന്ന് ഉറപ്പുവരുത്തും.