വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. മുന്നണി വിപുലീകരണവും സഖ്യം ചേരലുമൊക്കെയായി അണിയറയില്‍ പദ്ധതികള്‍ ഒരുക്കുന്ന തിരക്കിലാണ് നേതാക്കള്‍. തുടര്‍ച്ചയായ രണ്ട് തവണ അധികാരത്തിലെത്തിയ നരേന്ദ്രമോദിയും എന്‍ഡിഎയും തന്നെയാണ് ശ്രദ്ധാകേന്ദ്രം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പരിസമാപ്തിയിലെത്തുന്നതോടെ രാജ്യത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉടലെടുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും.
അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വമ്പന്‍ വിജയം നേടുമെന്ന സര്‍വേകളാണ് പുറത്തുവരുന്നത്. എഴുപത് ശതമാനം പേരും വീണ്ടും ആഗ്രഹിക്കുന്നു പ്രധാനമന്ത്രിയായി നരേന്ദ്രദാമോദര്‍ ദാസ് മോദി തന്നെ അധികാരത്തില്‍ വരണമെന്ന്. ജനപ്രീതിയില്‍ മോദിയെ വെല്ലാന്‍ ഇന്ത്യാ മഹാരാജ്യത്ത് ഇന്ന് മറ്റൊരു നേതാവില്ലെന്നും സര്‍വേകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മോദി വാരാണാസി കൂടാതെ തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തില്‍ നിന്നുകൂടി മത്സരിക്കുമെന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി രണ്ടു മണ്ഡലത്തില്‍ മത്സരിക്കുമെന്നും ഒരു മണ്ഡലം ഉത്തരേന്ത്യയില്‍ തന്നെയായിരിക്കുമെന്നും മറ്റൊന്ന് ദക്ഷിണേന്ത്യയിലായിരിക്കുമെന്നും അത് തമിഴ്‌നാട്ടിലായിരിക്കുമെന്നുമാണ് പ്രചാരണം. ഇക്കാര്യത്തില്‍ തമിഴ്‌നാട് അദ്ധ്യക്ഷന്‍ അണ്ണാമലൈ തന്നെ വ്യക്തത നല്‍കിയിരിക്കുകയാണ്. എഎന്‍ഐയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചത്.
മോദി തമിഴ്‌നാട്ടില്‍ മത്സരിക്കുമെന്നത് കിംവദന്തി മാത്രമാണ്. മോദിജി ഒരു അകമഴിഞ്ഞയാളാണ്. കഴിഞ്ഞ മാസത്തെ തമിഴ് വാര്‍ത്തകള്‍ നോക്കുകയാണെങ്കില്‍, മോദിജി മത്സരിക്കുന്ന ഒരു സീറ്റ് തമിഴ്നാട്ടിലാകുമെന്ന അഭ്യൂഹം ആരോ ഉയര്‍ത്തി. ഞങ്ങള്‍ പോകുന്നിടത്തെല്ലാം ആളുകള്‍ ഇക്കാര്യം ചോദിക്കുന്നു. ഇതൊരു ചര്‍ച്ചാ വിഷയം ആയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് താന്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ ഒരു ചായക്കടയില്‍ പോയി. അണ്ണാ, മോദിജി മത്സരിക്കുമെന്ന് ഉറപ്പാണോ- കടയിലുള്ള ഒരാള്‍ തന്നോട് ചോദിച്ചു. ഇതൊരു സംസാര വിഷയമായിട്ടുണ്ടെ്. അണ്ണാമലൈ പറഞ്ഞു.
പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ മണ്ഡലം രാമനാഥപുരമാണ്. എന്നാല്‍ ഇതെല്ലാം വെറും കിംവദന്തിയാണ്. ആളുകള്‍ പല അഭിപ്രായം പറയുന്നു, അവര്‍ സംസാരിക്കുന്നു. മോദിജി മത്സരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു തമിഴ്‌നാട്ടുകാരനായി തന്നെ മോദിജിയെ കാണുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2024 ലെ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്തമായിരിക്കും. തമിഴ്‌നാട്ടില്‍ മോദിജിക്ക് അനുകൂലമായ തരംഗമുണ്ട്. അദ്ദേഹത്തിന് മനോഹരമായ പ്രതിച്ഛായയുണ്ട്. അത് വോട്ടാക്കി മാറ്റണം. സംസ്ഥാനത്ത് താഴെത്തട്ടില്‍ വരെ ബിജെപി ശക്തമാണ്. പാര്‍ട്ടി ഇപ്പോള്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അണ്ണാമലൈ വ്യക്തമാക്കി.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി രണ്ടിടങ്ങളില്‍ മത്സരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ വാരണാസിയിലും ഗുജറാത്തിലെ വഢോദരയിലും ജനവിധി തേടിയ മോദി രണ്ടിടങ്ങളിലും വിജയിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചത് വാരണാസിയെയാണ്. 2019 ലും വാരണാസിയില്‍നിന്നു തന്നെയാണ് വീണ്ടും വിജയിച്ചത്. പ്രധാനമന്ത്രിയെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ‘പുറത്തെ ആളെന്ന’ നിലയില്‍ അല്ല കാണുന്നതെന്നും ‘അകത്തുള്ളയാളാണെന്ന’ നിലയിലാണ് പരിഗണിക്കപ്പെടുന്നതെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്ന് മോദി മല്‍സരിക്കുകയാണെങ്കില്‍ തമിഴരില്‍ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തമിഴകത്ത് സാധാരണയായി തെരഞ്ഞെടുപ്പ് കാലത്ത് ജാതി, തമിഴ് വികാരം എന്നിവയെല്ലാം വോട്ടെടുപ്പില്‍ നിര്‍ണായകമാകാറുണ്ട്. എന്നാല്‍ മോദി മല്‍സരിക്കാനെത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം അപ്രസക്തമാകുമെന്നുമാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തല്‍.