അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പ്രചാരണ പദ്ധതിയുമായി ബിജെപി. മുസ്ലിം ന്യൂനപക്ഷം കൂടുതലുള്ള മണ്ഡലങ്ങളെ തിരഞ്ഞുപിടിച്ചാണ് പ്രചാരണം. ഇതില്‍ കേരളത്തില്‍ നിന്ന് വയനാട് ലോക്സഭാ മണ്ഡലം ഉള്‍പ്പെടെ ആറ് മണ്ഡലങ്ങളാണുള്ളത്. രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലം കൂടി പ്രചാരണത്തിന് തിരഞ്ഞെടുത്തതോടെ ബിജെപിക്ക് ഇരട്ട ലക്ഷ്യമാണുള്ളത്.
ഓരോ മണ്ഡലങ്ങളിലും 5000 ബിജെപി അംബാസഡര്‍മാരെ കണ്ടെത്തുകയാണ് ആദ്യ പദ്ധതി. എല്ലാവരെയും ഡല്‍ഹിയിലെത്തിച്ച് വലിയ പരിപാടി സംഘടിപ്പിക്കും. 2014ലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ആദ്യം അധികാരം പിടിച്ചത്. 2019ല്‍ സീറ്റുകളുടെ എണ്ണം കൂട്ടുകയായിരുന്നു പാര്‍ട്ടി. 2024ല്‍ സീറ്റ് നില ഇനിയും ഉയര്‍ത്തണം എന്നാണ് ദേശീയ എക്സിക്യുട്ടീവ് യോഗത്തിലെ തീരുമാനം. ഇതിന് വേണ്ടി വിവിധ പദ്ധതികളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളെ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് മുസ്ലിം ന്യൂനപക്ഷത്തിന് സ്വാധീനമുള്ള 60 ലോക്സഭാ മണ്ഡലങ്ങളുണ്ടെന്നാണ് കരുതുന്നത്. ഇവ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പുതിയ പ്രചാരണം.
ഒമ്പത് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഈ മണ്ഡലങ്ങള്‍. കേരളത്തില്‍ ആറ് ലോക്സഭാ മണ്ഡലങ്ങളാണ് ഈ പട്ടികയിലുള്ളത്. അതിലൊന്നാണ് വയനാട് ലോക്സഭാ മണ്ഡലം.വയനാടിന് പുറമെ, മലപ്പുറം, പൊന്നാനി, കോഴിക്കോട്, വടകര, കാസര്‍കോട് എന്നീ മണ്ഡലങ്ങളാണ് കേരളത്തില്‍ ലക്ഷ്യമിടുന്നത്. 2019ല്‍ യുഡിഎഫ് തൂത്തുവാരിയ മണ്ഡലങ്ങളാണിത്. 30 ശതമാനത്തിന് മുകളില്‍ മുസ്ലിം ജനസംഖ്യയുള്ള മണ്ഡലങ്ങളാണ് ബിജെപി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടത്തും. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത ഓരോ മണ്ഡലങ്ങളില്‍ നിന്നും 5000 ബിജെപി അംബാസഡര്‍മാരെ കണ്ടെത്തും. നരേന്ദ്ര മോദിയുടെ നയങ്ങളോട് താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍.
ഇവരായിരിക്കും പിന്നീട് ബിജെപിയുടെ പ്രചാരണത്തിന് മണ്ഡലത്തില്‍ ചുക്കാന്‍ പിടിക്കുക. എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത അംബാസഡര്‍മാരെ പിന്നീട് ഡല്‍ഹിയിലെത്തിച്ച് വലിയ പരിപാടിയും ആസൂത്രണം ചെയ്യുന്നുണ്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടി തിരഞ്ഞെടുത്ത 60 മണ്ഡലങ്ങളില്‍ സംഘടിപ്പിക്കും. ബൈക്ക് റാലിയും സ്നേഹ യാത്രയും ഇതിന്റെ ഭാഗമായി നടക്കും. മെയ് മാസത്തിലാകും എല്ലാ മണ്ഡലങ്ങളിലെയും അംബാസഡര്‍മാരെ ഡല്‍ഹിയിലെത്തിക്കുക. നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയാകും ഡല്‍ഹിയിലേത്. നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ഈ പ്രചാരണം എന്ന് ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി പറഞ്ഞു.
ബിജെപി തിരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ കൂടുതലുള്ളത് ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലുമാണ്. 13 വീതമാണ് ഈ രണ്ട് സംസ്ഥാനത്തുമുള്ള ലോക്സഭാ മണ്ഡലങ്ങള്‍. കശ്മീരില്‍ അഞ്ച്, ബിഹാറില്‍ നാല്, കേരളത്തില്‍ ആറ്, അസമില്‍ ആറ്, മധ്യപ്രദേശില്‍ മൂന്ന്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ രണ്ട് , മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഓരോ മണ്ഡലങ്ങളുമാണ് ബിജെപി ലക്ഷ്യമിടുന്നത്.
രാഹുല്‍ ഗാന്ധി 2014ല്‍ ജയിച്ച യുപിയിലെ അമേഠി 2019ല്‍ ബിജെപി പിടിച്ചിരുന്നു. അന്ന് വയനാട്ടില്‍ ജയിച്ചതാണ് രാഹുല്‍ ഗാ്ന്ധിക്ക് നേട്ടമായത്. എന്നാല്‍ ഇപ്പോള്‍ ബിജെപി വയനാടിനെയും ലക്ഷ്യമിടുന്നു. നിലവിലെ സാഹചര്യത്തില്‍ വയനാട് മണ്ഡലത്തില്‍ അട്ടിമറി സാധ്യമല്ല. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം നല്‍കുന്ന മണ്ഡലങ്ങളിലൊന്നാണ് വയനാട്.