രാജ്യമൊട്ടാകെ കേന്ദ്ര ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തുടങ്ങി ദേശീയ അന്വേഷണ ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും നേതാക്കളുടെ വീടുകളും കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് കഴിഞ്ഞ ദിവസം നടത്തിയത്. റെയ്ഡിനു പിന്നാലെ നൂറിലധികം പിഎഫ്ഐ പ്രവര്‍ത്തകരെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
ദേശീയ ഏജന്‍സികള്‍ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയുടെ പേരില്‍ രാജ്യത്ത് അക്രമം അഴിച്ചുവിട്ടിരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട്. കാലങ്ങളായി വിവിധ സംസ്ഥാനങ്ങളുടെ ആവശ്യമായിരുന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ നിരോധനം. രാജ്യത്ത് കലാപസമാനമായ സാഹചര്യത്തിന് വഴിയൊരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതെന്നും ഇതു കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെടുമാണ് വിവിധ സംസ്ഥാനങ്ങള്‍ സംഘടനയെ നിരോധിക്കണം എന്ന പ്രൊപ്പോസല്‍ കേന്ദ്രത്തിന് നല്‍കിയത്.
അസം,ഉത്തര്‍ പ്രദേശ്,കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപെട്ടിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധെപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിരുന്നു. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന് പൂട്ടിട്ട് കേരളത്തിലെ പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നിരത്തി എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറായിരിക്കുകയാണ്.
സംസ്ഥാനത്തെ ഹിന്ദു സംഘടനകളിലെ പ്രമുഖ നേതാക്കളെയുള്‍പ്പെടെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ ആസൂത്രണം ചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഏജന്‍സി എന്‍ഐഎ കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ പ്രവര്‍ത്തകരെ അടുത്ത മാസം 20വരെയാണ് റിമാന്‍ഡ് ചെയ്തത്. കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പോപ്പുലര്‍ഫ്രണ്ട് ശ്രമം നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പ്രധാന വസ്തുത. ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കര്‍ ഇ ത്വയ്ബ, അല്‍ ഖ്വായ്ദ തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളുമായി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
അതിനിടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പാകിസ്താനുമായി നേരിട്ട് ബന്ധം ഉണ്ടെന്ന് മുന്‍ ഉത്തര്‍പ്രദേശ് ഡിജിപി ബ്രിജ്‌ലാല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. വളരെ അപകടകരമായ സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഭീകരര്‍ക്ക് ഇന്ത്യന്‍ മുജാഹിദ്ദീനുമായി നേരിട്ട് ബന്ധമുണ്ട് . രാജ്യത്ത് നടന്ന മിക്ക സ്ഫോടനങ്ങള്‍ക്കും സംഘടനയാണ് ഉത്തരവാദികള്‍. അറബ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പിഎഫ്ഐക്ക് പണം ലഭിക്കുന്നുണ്ട്. തീവ്രവാദ ഫണ്ടിംഗിലൂടെ രാജ്യത്ത് പിഎഫ് ഐ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍ഐഎ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പിന്നാലെ നൂറോളം പ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. തീവ്രവാദ ഫണ്ടിംഗിലുള്‍പ്പെടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, രാജ്യതലസ്ഥാനം എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തിയത്. പിഎഫ്ഐ ചെയര്‍മാന്‍ ഒഎംഎ സലാം, ഡല്‍ഹി പിഎഫ്ഐ മേധാവി പര്‍വേസ് അഹമ്മദ് എന്നിവരെയും അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദത്തിന് ധനസഹായം നല്‍കുന്ന ഇടങ്ങള്‍, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നിരുന്നു.