മിഷന്‍ സൗത്ത,് ബിജെപിയുടെ പ്രധാന ലക്ഷ്യം ദക്ഷിണേന്ത്യയില്‍ ആധിപത്യം നേടുക എന്നതാണ്. കര്‍ണാടകയില്‍ ബിജെപി കഴിഞ്ഞ തവണ അധികാരത്തിലേറി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നുമില്ല. കേരളത്തിലും ബിജെപി അടിത്തറ പാകി കഴിഞ്ഞു. വോട്ടുവിഹിതത്തില്‍ തന്നെ ആ മാറ്റങ്ങള്‍ കാണുകയും ചെയ്യാം. മറ്റൊരു സംസ്ഥാനം തമിഴ്‌നാടാണ്.
സാധാരണക്കാരും യുവാക്കളും ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ചു കഴിഞ്ഞെന്നും ഡിഎംകെ സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണന നിലപാടുകള്‍ തമിഴ്‌നാട്ടുകാര്‍ മനസിലാക്കി തുടങ്ങിയെന്നതും വ്യക്തമായ കാര്യമാണ്. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈയ്ക്കും ബിജെപിക്കും തമിഴ്‌നാട്ടില്‍ ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇതിനെല്ലാം തെളിവും. നിര്‍ബന്ധിത മതം മാറ്റം, ഹിന്ദു വിശ്വാസികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, സര്‍ക്കാരിന്റെ അഴിമതി, നേതാക്കളുടെ പരസ്യനിലപാടുകള്‍ എല്ലാം തമിഴ്ജനതയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുളള ശ്രമങ്ങളിലാണ് ബിജെപി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുമൊത്ത് സഖ്യമായി മത്സരിച്ച് തമിഴ്നാട്ടില്‍ ബിജെപിക്ക് 4 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. തമിഴ്മണ്ണില്‍ ആഴത്തില്‍ വേരിറക്കാന്‍ കേരളാ മോഡലില്‍ ടിവി ചാനല്‍ തുടങ്ങാനുളള തീരുമാനത്തിലാണ് ബിജെപി. കേരളത്തിലുളള ജനം ടിവി മാതൃകയില്‍ തമിഴ്നാട്ടിലും വാര്‍ത്താ ചാനല്‍ ആരംഭിക്കാനാണ് ബിജെപിയുടെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനം ടിവി പോലൊരു പേര് തന്നെ ആയിരിക്കും തമിഴ്നാട്ടിലെ ബിജെപി ചാനലിനും എന്നും ആള്‍വാര്‍പേട്ടിലായിരിക്കും ചാനല്‍ ആസ്ഥാനമെന്നുമാണ് വിവരം.
2015ലാണ് കേരളത്തില്‍ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ തുടക്കം. ശബരിമല സമരകാലത്ത് ബിജെപി നിലപാട് പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ജനം ടിവിക്ക് ബാര്‍ക്ക് റേറ്റിംഗില്‍ മുന്‍നിര ചാനലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനും സാധിച്ചിരുന്നു. പതിനഞ്ച് കോടിയോളമാണ് ചാനല്‍ ആരംഭിക്കുന്നതിന്റെ ആദ്യഘട്ട ചെലവായി കണക്കാക്കുന്നത്. തമിഴ്‌നാട്ടിലെ ബിജെപി ആര്‍എസ്എസ് അനുഭാവികളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നടക്കം ഈ തുക പിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
ചാനല്‍ ലോഞ്ചിംഗിനെ കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇത്തരം ഒരു ആശയം തന്നെ മുന്നോട്ടുവച്ചത് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈയാണ്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ചാനല്‍ പ്രവര്‍ത്തനങ്ങള്‍. വരുന്ന ഏപ്രിലിലാണ് സംസ്ഥാനത്ത് ബിജെപി പദയാത്ര ആരംഭിക്കുന്നത്. ഇതിന്റെ വിപുലമായ കവറേജ് ആണ് ചാനല്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള തീരുമാനത്തിലെത്തിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.