പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷവും നേതാക്കള്‍ രഹസ്യമായി കലാപത്തിന് കോപ്പു കൂട്ടുന്നു എന്ന് വിവരങ്ങള്‍ ലഭിച്ചതിനെതുടര്‍ന്ന് എന്‍ ഐ എ സംഘടനയെ നിരീക്ഷിക്കുകയായിരുന്നു. പിന്നാലെ ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് പുതിയ രഹസ്യസംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ശ്രമിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് കണ്ടെത്തുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുമതിയും വാങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്ടാവും തെളിവുകള്‍ പരിശോധിച്ചു.രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തേും സുരക്ഷയേയും സാമുദായിക സൗഹാര്‍ദത്തേയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. പിഎഫ്‌ഐയുടെ സ്ഥാപക അംഗങ്ങളില്‍ ചിലര്‍ നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ പിഎഫ്‌ഐക്ക് നിരോധിത സംഘടനയായ ജമാത്ത്- ഉല്‍- മുജാഹിദീന്‍ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്‌ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങള്‍ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറിയതോടെ എന്‍ ഐ എ കളത്തിലിറങ്ങി.
പിന്നാലെ കേരളത്തെ വരിഞ്ഞു മുറുക്കി റെയ്ഡ് നടത്തിയിരിക്കുകയാണ് എന്‍ ഐ എ. ഇന്ന് പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം കേരളത്തിലെത്തിയത്. എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയില്‍ നാലിടത്തുമാണു പരിശോധന. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധനയുണ്ട്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ പത്തനംതിട്ടയിലെ വീടും പരിശോധിച്ചു. ആലപ്പുഴയില്‍ ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയില്‍ ആലുവ, എടവനക്കാട്, വൈപ്പിന്‍ പ്രദേശങ്ങളിലുമാണ് പരിശോധന. പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ച്ചെ മുതല്‍ പരിശോധന തുടരുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ തിരുവനന്തപുരം സോണല്‍ സെക്രട്ടറി മുഹമ്മദ് റാഷിദിന്റെ വീട്, കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പി.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന സുനീര്‍ മൗലവിയുടെ വീട്, ഈരാറ്റുപേട്ടയില്‍ മുന്‍ ജില്ലാ സെക്രട്ടറി ബിഷുറുള്‍ ഹാഫിയുടെ വീട് ഉള്‍പ്പടെയുള്ള വിവിധ നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.പിഎഫ്ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍ഐഎ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണു റെയ്ഡെന്നാണു സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു പേരുകളില്‍ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തി. ഇനിയും ഇത്തരം ഓപ്പറേഷനുകള്‍ ഉണ്ടാകും.രാജ്യത്ത് അരക്ഷിതാവസ്ഥ വളര്‍ത്താന്‍ പിഎഫ്‌ഐയും അനുബന്ധ സംഘടനകളും ഐ.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കരുതല്‍ വേണമെന്നുമായിരുന്നു മുന്നറിയിപ്പ്. ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്നും കേന്ദ്രം കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള രണ്ടാം റെയ്ഡ്. ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിങ് ഗ്രൗണ്ടായി കേരളം മാറിയെന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ തുറന്നുസമ്മതിച്ചിരുന്നു. സംസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിര്‍ജ്ജീവമാണെന്നും കേന്ദ്ര സേന വിലയിരുത്തുന്നു. അതുകൊണ്ട് കേന്ദ്രത്തിന്റെ രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ സജീവമാകും. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിദ്ധ്യം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുകളിലാണ്.
കൊലപാതകം, കലാപം, ഭീഷണിപ്പെടുത്തല്‍, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം എന്നിവ കേരളത്തില്‍ സംഘടനയ്ക്ക് നേരെ ആരോപിക്കപ്പെട്ടിരുന്നു. 2012 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്, ‘പിഎഫ്‌ഐ സിമിയുടെ മറ്റൊരു പതിപ്പാണ്’ എന്നാണ്. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ 27 കൊലപാതകക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലും സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഈ കൊലപാതകങ്ങളെല്ലാം വര്‍ഗീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ ഇസ്ലാമികവല്‍ക്കരിക്കുകയാണ് പിഎഫ്‌ഐയുടെ അജണ്ടയെന്ന് രണ്ട് വര്‍ഷത്തിന് ശേഷം 2014ല്‍, മറ്റൊരു സത്യവാങ്മൂലത്തില്‍ കേരളസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ ഇസ്ലാമിന്റെ ശത്രുക്കളായ വ്യക്തികളെ തിരഞ്ഞെടുത്ത് ഉന്മൂലനം ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി മുസ്ലിം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംഘടനയ്‌ക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.