നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും കേരള പത്രപ്രവര്‍ത്തക യൂണിയനുമായുള്ള (കെയുഡബ്ല്യുജെ ) അനധികൃത ഇടപാടുകളെ കുറിച്ച് എന്‍ഐഎ അന്വേഷണം തുടങ്ങി.കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്റെ പോപ്പുലര്‍ ഫ്രണ്ട് അനുകൂല നടപടികള്‍ നിരീക്ഷിച്ച ശേഷമാണ് ഡല്‍ഹി പൊലീസ് അന്വേഷണം എന്‍ഐഎക്ക് കൈമാറിയത്.പോപ്പുലര്‍ ഫ്രണ്ട് നേതാവും കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന്റെ ജയില്‍വാസത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ അഞ്ചിനു കെ യുഡബ്ല്യുജെ ഡല്‍ഹി പ്രസ് ക്ലബിനു മുന്നില്‍ നടത്താനിരുന്ന മെഴുകുതിരി പ്രകടനം ഡല്‍ഹി പൊലീസ് തടഞ്ഞു.
ഇതിനു ശേഷം കെയുഡബ്ല്യുജെ വൈസ് പ്രസിഡന്റ് എം.പ്രശാന്തിന്റെ അധ്യക്ഷതയില്‍ വി.പി.ഹൗസിലെ ദേശാഭിമാനി ഓഫിസില്‍ കാപ്പന്‍ അനുകൂല യോഗം സംഘടിപ്പിച്ചു. സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള കാപ്പന്‍ അനുകൂലികള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.സിദ്ദിഖ് കാപ്പന്റെ കേസു നടത്തുന്നതിനായി കെയുഡബ്ല്യുജെ ക്ക് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു വന്‍ തുക ഹവാല മാര്‍ഗത്തില്‍ ലഭിച്ചതായി ഡല്‍ഹി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കാപ്പന്‍ കേസിനായി പണം ഒഴുകിയിട്ടുണ്ട്.
അന്വേഷണം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതിനാലാണ് എന്‍ഐഎക്ക് കൈമാറിയത്.സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായതിനു തൊട്ടു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്റെ വിശ്വസ്തനായ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി.ചേക്കുട്ടിയുടെ നേതൃത്വത്തില്‍ സിദ്ദിഖ് കാപ്പന്‍ സോളിഡാരിറ്റി കമ്മിറ്റി രൂപീകരിച്ചിരുന്നു. കെ യുഡബ്ല്യുജെ അംഗങ്ങളും കമ്മിറ്റിയിലുണ്ട്.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഈ കമ്മിറ്റി മുഖേന ഹവാല വഴി പണം കെയുഡബ്ല്യുജെ ക്ക് ലഭിച്ചു.സിദ്ദിഖ് കാപ്പനു വേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നിരവധി തവണ ഹാജരായി.മഥുര സെഷന്‍സ് കോടതി, ലക്‌നൗ എന്‍ഐഎ കോടതി, അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് എന്നിവിടങ്ങളിലും കാപ്പന്റെ കേസു നടത്തിപ്പിനായി കെയുഡബ്ല്യുജെ ചെലവിട്ട ലക്ഷങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയതാണ്. സിദ്ദിഖ് കാപ്പന്‍ കേസിനായി അര ലക്ഷം രൂപ ചെലവിട്ടതായാണ് കെയുഡബ്ല്യുജെ സംഘടനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേസിനായി കണക്കില്‍ കാണിക്കാത്ത ലക്ഷങ്ങള്‍ കള്ളപ്പണമായാണ് ചെലവിട്ടതെന്നു വ്യക്തമാണ്.
സിദ്ദിഖ് കാപ്പനെ അനുകൂലിച്ചു വിദേശ മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്താനായും ലക്ഷങ്ങള്‍ ചെലവിട്ടിട്ടുണ്ട്.ദേശീയ മാധ്യമങ്ങളിലും ഓണ്‍ ലൈനുകളിലും സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കുന്ന വാര്‍ത്താ പരമ്പരകളുണ്ടായി.സിദ്ദിഖ് കാപ്പന്‍ കേസിലെ കുറ്റപത്രത്തിലുള്ള തെളിവുകളും രേഖകളും പാടെ അവഗണിച്ചാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി കാപ്പന്‍ അനുകൂല വാര്‍ത്തകള്‍ നിര്‍മിച്ചത്. ഫലത്തില്‍ കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം പോപ്പുലര്‍ ഫ്രണ്ടിന്റെ മീഡിയാ സെല്ലായി മാറി.പോപ്പുലര്‍ ഫ്രണ്ടിന്റെ നീരോധനത്തിനു ശേഷവും കെയുഡബ്ല്യുജെ കാപ്പനു വേണ്ടി പരസ്യ പ്രതിഷേധത്തിനുള്‍പ്പെടെ തയാറാകുന്ന സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുന്നത്.