ജെഡിയു ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് ഉപേന്ദ്ര കുഷ്വാല. പാര്‍ട്ടിയില്‍ തുടരുമെന്നും ജെഡിയുവിനെ ശക്തിപ്പെടുത്താന്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപേന്ദ്ര കുഷ്വാല പാര്‍ട്ടി വിടുകയാണെന്ന സൂചന പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു രാഷ്ട്രീയ നേതാവിനെ കണ്ട് മടങ്ങിയതിന് ശേഷം പുറത്ത് കാത്തുനിന്ന മാദ്ധ്യമങ്ങള്‍ അദ്ദേഹത്തോട് പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ആരാഞ്ഞിരുന്നു. ചികിത്സയില്‍ കിടന്നിരുന്നത് ബിജെപി നേതാവായിരുന്നതിനാല്‍ ജെഡിയു വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയാര്‍ജിച്ചു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹം നയം വ്യക്തമാക്കിയത്.
‘ഞാന്‍ ജെഡിയുവിലാണ്. ജെഡിയു ഇപ്പോള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഞാന്‍ ജെഡിയുവില്‍ തന്നെ തുടരും. പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ബിജെപി നേതാവിനെ കണ്ടുവെന്നത് സത്യമാണ്. പക്ഷെ ഞാന്‍ ഇപ്പോള്‍ പാര്‍ട്ടി വിടുന്നില്ല. ‘ ഉപേന്ദ്ര കുഷ്വാല പറഞ്ഞു. ഇപ്പോള്‍ ബിജെപി വിടുന്നില്ലെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് വൈകാതെ അദ്ദേഹം ബിജെപിയിലെത്തുമെന്ന സൂചനകളിലേക്ക് ചൂണ്ടിക്കാട്ടുന്നതും.കുഷ്വാല ജെഡിയുവില്‍ അതൃപ്തനാണെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സ്വരച്ഛേര്‍ച്ചയില്‍ അല്ലെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു.
തങ്ങളോട് സംസാരിക്കാന്‍ കുഷ്വാല തയ്യാറാവുന്നില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഇതാണ് ദേശീയ നേതാവായ കുഷ്വാല പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹം ജനങ്ങള്‍ക്കിടയില്‍ ശക്തമാകാന്‍ കാരണമായത്. ജെഡിയുവിന്റെ ദേശീയ പാര്‍ലമെന്ററി ബോര്‍ഡ് അദ്ധ്യക്ഷനാണ് ഉപേന്ദ്ര കുഷ്വാല. അതേസമയം ബീഹാറില്‍ വീണ്ടും മദ്യദുരന്തം ഉണ്ടായിരിക്കുകയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി കഥകളും മുഖ്യമന്ത്രിയുടെ തന്നെ പ്രസ്താവനകളുമെല്ലാം നിതീഷിനും പാര്‍ട്ടിക്കും തലവേദനയായി തീര്‍ന്നിരിക്കുകയാണ്.