നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഓട്ടോ ഡ്രൈവറുടെ വസതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന ഉമര്‍ ഷെരീഫിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. തമിഴ്നാട്ടിലെ നെല്‍പേട്ടയിലെ വസതിക്ക് സമീപം ഷരീഫ് ചിലമ്പം കലകള്‍ പഠിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇപ്പോള്‍ പിഎഫ്ഐയുമായി ബന്ധപ്പെട്ട മറ്റൊരു വിവരം കൂടി പുറത്തുവന്നിരിക്കുകയാണ്.
നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍.ഐ.എയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എന്‍.ആര്.ഐ അക്കൗണ്ടുള്ള അംഗങ്ങള്‍ നാട്ടിലെ വിവിധ ബാങ്കുകളിലേക്ക് പണം അയയ്ക്കുകയും പിന്നീട്, ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് പി.എഫ്.ഐ നേതാക്കളുടെ അക്കൗണ്ടിലേക്ക് ഈ പണം മാറ്റുകയുമാണ് പതിവ്. ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു പേരുകളില്‍ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി എന്‍.ഐ.എയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.
നാട്ടിലെ മുസ്ലിംകള്ക്കുള്ള സഹായം എന്ന പേരില്‍ പണം ശേഖരിച്ച് പിഎഫ്ഐ, എസ്ഡിപിഐ നേതാക്കള്‍ക്ക് അയച്ചതിന്റെ തെളിവുകളും സംഘത്തിന് ലഭിച്ചു. ഒമാനില്‍ 2 ഫൗണ്ടേഷനുകളുടെ നേര്‍ക്കാണ് അന്വേഷണം നീളുന്നത്. ഇവിടെ ഫൗണ്ടേഷനുകള്‍ വഴി സ്വരൂപിച്ച ഫണ്ട് ഇന്ത്യയിലെത്തിച്ചു. റിയല്‍ എസ്റ്റേറ്റ്, ലൈസന്‍സുള്ള പബ് ഇവയുടെ നടത്തിപ്പു വഴിയും പണം സ്വരൂപിച്ച് രാജ്യത്തെ അക്കൗണ്ടുകളിലേയ്ക്കയച്ചു. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച അന്വേഷണ സംഘം ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. സിറിയയില്‍ മുഹമ്മദ് ഫാഹിമി എന്ന അംഗം തീവ്രവാദ സംഘടനകള്‍ക്ക് ഉപയോഗിച്ച കാറുകള്‍ മറിച്ചുവിറ്റു വലിയ തുകകള്‍ ശേഖരിച്ച് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.
അതിനിടയില്‍ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ അറിയിച്ചിരുന്നു. പിഎഫ്ഐ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് സീക്രട്ട് വിങ്ങ് പ്രവര്‍ത്തിച്ചിരുന്നത്. ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയിരുന്നത് ഇവരാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കുന്നതും ഈ സീക്രട്ട് വിങ്ങാണ്.
ഇതില്‍ പിഎഫ്ഐ നേതാക്കളടക്കം ചേര്‍ന്ന് ചര്‍ച്ച നടത്തി ചില പ്രത്യേക സമുദായങ്ങളെ ഭീതിപ്പെടുത്താന്‍ ശ്രമം നടന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള ചില കൊലപാതകങ്ങളില്‍ ഇപ്പോള്‍ കസ്റ്റഡിയിലായ ചിലര്‍ക്ക് പങ്കുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്. പിഎഫ്ഐ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.