കാവിയെ തൊട്ട് കളിക്കരുത് എന്ന ശക്തമായ മുന്നറിയിപ്പ് തന്നെയാണ് സന്യാസി സമൂഹം നൽകിയത്.
ഇന്ത്യൻ റയിൽവേയുടെ രാമായൺ സ്പെഷ്യൽ ട്രെയിനുകളാണ് സന്യാസി സമൂഹത്തിന്റെ എതിർപ്പ് ക്ഷണിച്ച് വരുത്തിയത്.
അത്യാധുനിക സജീകരണങ്ങളുള്ള ഈ ട്രെയിനിൽ വെയ്റ്റർമാരായി ജോലിചെയുന്നവരുടെ വസ്ത്രത്തെ ചൊല്ലി ഉടലെടുത്ത വിവാദത്തിനാണ് അവസാനമായത്.
കാവി വസ്ത്രം ആയിരുന്നു ഇവർക്ക് നിശ്ചയിച്ചിരുന്നത്.
എന്നാൽ വെയ്റ്റർമാരുടെ വസ്ത്രമായി കാവി വസ്ത്രം അനുവദിക്കില്ല എന്ന കടുത്ത നിലപാട് സന്യാസി സമൂഹം സ്വീകരിക്കുകയായിരുന്നു.
ഇതേ തുടർന്ന് ഇന്ത്യൻ റയിൽവെ വെയ്റ്റർ വസ്ത്രം പരിഷ്‌ക്കരിക്കുകയും അതിന്റെ ചിത്രം പുറത്ത് വിടുകയും ചെയ്തു.
ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ റയിൽവേ പുതിയ വസ്ത്രമണിഞ്ഞ വെയ്റ്റർമാരുടെ ചിത്രം പുറത്ത് വിട്ടത്.
സന്യാസിമാരുടെ എതിർപ്പ് ഉയർന്നതിനെ തുടർന്ന് പുതിയ ഡ്രസ്സ് കോഡ് തീരുമാനിക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യൻ റയിൽവെ വ്യക്തമാക്കിയിരുന്നു.
ഡ്രസ്സ് കോഡ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും ഫെബ്രുവരി 12 നു ഡൽഹിയിൽ ട്രെയിൻ തടയുമെന്നും സന്യാസി സമൂഹം വ്യക്തമാക്കിയിരുന്നു.
സന്യാസിമാരുടെ വസ്ത്രധാരണത്തിനോട് സാമ്യം ഉള്ള വസ്ത്രമായിരുന്നു വെയ്റ്റർ മാരുടെ ഡ്രസ്സ് കോഡിൽ ഉള്ളതെന്നും അത് അംഗീകരിക്കില്ലെന്നും സന്യാസി സമൂഹം റെയിൽവേയെ അറിയിച്ചിരുന്നു.
നവംബർ 7 നാണ് രാജ്യത്തെ ആദ്യത്തെ രാമായണ സർക്യൂട് ട്രെയിൻ യാത്ര തുടങ്ങിയത്.
സഫ്ദർജംഗ് റയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങുന്ന ട്രെയിൻ ശ്രീ രാമന്റെ ജീവിതവുമായി ബന്ധമുള്ള 15 സ്ഥലങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
ഫസ്റ്റ് ക്ലാസ് റെസ്റ്ററന്റുകളും ലൈബ്രറിയും അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഈ ട്രെയിനിൽ ഉള്ളത്.
രാമായൺ എക്സ്പ്രെസ്സിൽ ഹിന്ദു സംസ്ക്കാരത്തെയും സന്യാസ സമൂഹത്തെയും ഒക്കെ അപമാനിക്കാൻ ശ്രമം നടക്കുകയാണോ എന്ന സംശയം ഉയരുകയാണെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കാൻ റയിൽവെ മന്ത്രാലയം തയ്യാറാകണം എന്ന് ഉജ്ജയിൻ അഖാഡ പരിഷത്ത് നേതാവ് അവധേഷ് പുരി പറഞ്ഞിരുന്നു.
എന്തായാലും സന്യാസി സമൂഹത്തിന്റെ വികാരം കണക്കിലെടുത്തുള്ള തീരുമാനം തന്നെയാണ് ഇപ്പോൾ റയിൽവേയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.