പെണ്ണൊരുമ്പെട്ടാല്‍..!സ്ത്രീ തടവുകാരെ യുദ്ധത്തിനയച്ച് റഷ്യ.. പെണ്‍’പുലി’കള്‍ മുതല്‍ ഉക്രൈനിലെ സിഗ്നല്‍ സ്റ്റാഫുകള്‍ വരെ!

National

യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ഏറ്റവും വിലപിടിപ്പുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനും ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുന്ന ആയുധം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? പുരാണങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ആ വജ്രായുധം സ്ത്രീകളാണ്. എല്ലാ വലിയ അഴിമതിക്കഥകളിലും കലാപങ്ങളിലും നയതന്ത്രങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം സമീപകാലത്ത് പോലും ലോകം കണ്ടിട്ടുണ്ട്. ഈജിപ്ഷ്യന്‍ റാണി ക്ലിയോപാട്ര, ചരിത്രകാരന്മാര്‍ക്ക് പോലും പിടികൊടുക്കാത്ത ഏജന്റ് 355, ടിപ്പുവിന്റെ പിന്‍ഗാമിയായിരുന്ന നൂര്‍ ഇനിയത്ത് ഖാന്‍, പമീല ബോഡസ് തുടങ്ങി ത്സാന്‍സിറാണിയും തമിഴ് പെണ്‍പുലികലും കനിമൊഴിയും കവിതയും വരെ നീളുന്നു ഉദാഹരണങ്ങള്‍.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞതു പോലെ ഒരു വ്യക്തിയുടെ കരുത്ത് അളക്കാനുള്ള അളവ് കോല്‍ ആ വ്യക്തിയുടെ ധാര്‍മികമായ കരുത്താണെങ്കില്‍ പുരുഷന്മാരേക്കാള്‍ എന്തുകൊണ്ടും ഉയര്‍ന്ന തലത്തിലാണ് സ്ത്രീകളുടെ സ്ഥാനം. 1995 മുതല്‍ തന്നെ ഇസ്രായേലില്‍ വനിതാ സൈനികര്‍ വിശാലമായ യുദ്ധമേഖലാ ഓപ്പറേഷനുകളില്‍ പങ്കെടുത്തു വരുന്നുണ്ട്. 2001 മുതല്‍ ജര്‍മ്മനിയിലും 2013 മുതല്‍ യു എസിലും ഓസ്ട്രേലിയയിലും 2018 മുതല്‍ ബ്രിട്ടനിലും ഇത് നടപ്പായി കഴിഞ്ഞു. 2020മുതല്‍ ഇന്ത്യയിലും വനിതാ ഓഫീസര്‍മാരെ സൈന്യത്തിലെ ഏറ്റുമുട്ടല്‍ മേഖലയിലേക്ക് കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി.

ഒരുകാലത്ത് ശ്രീലങ്കയെ ചൂണ്ടുവിരലില്‍ നിര്‍ത്തിയിരുന്ന എല്‍ടിടിഇയില്‍ പോലും സ്ത്രീകളുടെ സാന്നിധ്യം എടുത്തുപറയത്തക വിധമുണ്ടായിരുന്നു. അതിശക്തമായ നിയമാവലികള്‍ പിന്തുടര്‍ന്നു പോന്നിരുന്ന എല്‍ടിടിഇ സംഘടനയിലേക്ക് 50,000-ലധികം ഗറില്ല പോരാളികളെ റിക്രൂട്ട് ചെയ്ത കാലമുണ്ട്. ഈ സൈന്യത്തില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കിയിരുന്നു എന്നതാണ് പ്രത്യേകത. പക്ഷേ, സ്ത്രീക്കും പുരുഷനും രണ്ട് കാര്യങ്ങള്‍ നിഷിദ്ധമായിരുന്നു. ഒന്ന് മദ്യപാനത്തിനും രണ്ട് ലൈംഗികതയ്ക്കും. അന്ന് വരെ പുലികള്‍ അനുഷ്ഠിച്ചിരുന്ന ബ്രഹ്‌മചര്യം, മതിവദനിയെ വിവാഹം കഴിക്കാന്‍ പ്രഭാകരന്‍ തിരുത്തിയെഴുതി. സംഘത്തില്‍ അഞ്ച് വര്‍ഷം കഴിഞ്ഞവര്‍ക്ക് വിവാഹമാകാം എന്നായിരുന്നു പിന്നീടുള്ള നിയമം.

എന്നാല്‍ പ്രണയത്തിലായിരുന്ന ഗറില്ലാക്കൂട്ടത്തിലെ ത്യാഗുവിനെയും ജൂലിയേയും കണ്ണ് മൂടിക്കെട്ടി പിന്‍കഴുത്തില്‍ വെടിവച്ച് പ്രഭാകരന്‍ കൊന്നു. അന്ന് ജൂലി ഗര്‍ഭിണിയായിരുന്നു. എല്‍ടിടിഇ നടത്തിയ പ്രധാന കൊലപാതകങ്ങളിലൊന്ന് രാജീവ് ഗാന്ധിയുടേതായിരുന്നുവെന്ന് നമുക്കറിയാം. കരുത്തരായ ആണ്‍പുലികള്‍ എല്‍ടിടിഇയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും, അന്ന് ശ്രീപെരുമ്പത്തൂരില്‍ രാജീവ്ഗാന്ധിക്ക് മരണമാല്യം ചാര്‍ത്താന്‍ നിയോഗിക്കപ്പെട്ടത് തനു എന്ന തേന്‍മൊഴി രാജരത്‌നമായിരുന്നുവെന്നോര്‍ക്കണം.

സമീപകാലത്ത് ലോകം കണ്ട ഏറ്റവും നീണ്ടുനില്‍ക്കുന്ന യുദ്ധം ഉക്രൈനിലെ റഷ്യന്‍ അധിനിവേശമാണ്. യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാന്‍ റഷ്യ തടവുപുള്ളികളെയും ഉപയോഗിക്കുന്നുവെന്ന് യുക്രെയ്ന്‍ സൈന്യം നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ യുദ്ധഭൂമിയിലേക്ക് ജയിലില്‍ നിന്നുള്ള സ്ത്രീ തടവുകാരെ റഷ്യ അയക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നു. യുദ്ധമുഖത്ത് പ്രധാനമായും സിഗ്നല്‍ സ്റ്റാഫുകളായും വൈദ്യസഹായത്തിനുമാണ് റഷ്യ സ്ത്രീകളെ കളത്തിലിറക്കിയിരിക്കുന്നത്. ഒരു രാജ്യമെന്ന റഷ്യയുടെ നില്‍നില്‍പാണു യുക്രെയ്‌നില്‍ വെല്ലുവിളിക്കപ്പെടുന്നതെന്നും സൈനികവിജയം അനിവാര്യമാണെന്നും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞതിന് പിന്നാലെയാണിത്.

ക്രാസ്‌നോദര്‍ മേഖലയിലെ റഷ്യന്‍ കോളനികളില്‍ നിന്ന് ഏകദേശം 100 സ്ത്രീകളെ പിടികൂടി, ഉക്രെയ്‌നിലേക്ക് അയച്ചിരുന്നു. ഡൊനെറ്റ്സ്‌കിലെ സ്നിഷ്നെ എന്ന നഗരത്തിലെ വനിതാ തടവുകാരെ റഷ്യ യുദ്ധമുഖത്തിറക്കിയെന്ന് ഉക്രേനിയന്‍ പ്രതിരോധ മന്ത്രാലയമാണ് ലോകത്തെ അറിയിച്ചത്. സ്ത്രീകളെ യുദ്ധത്തിന് നിരത്തി എന്ത് പുതിയ കുതന്ത്രമാണ് പുടിന്‍ മെനയുന്നതെന്ന ആശങ്കയിലാണ് ലോകം.

Leave a Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസിന്ത്യാ മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your email address will not be published.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.