പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികള്‍ കൊണ്ടൊന്നും ആരെയും തകര്‍ക്കാന്‍ ആകില്ലെന്നും ആരും വഴിയാധാരമാകാന്‍ പോകുന്നില്ലെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു തീവ്രവാദ പ്രവര്‍ത്തനത്തിനും സമൂഹ്യവിരുദ്ധ പ്രവര്‍ത്തത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും അറസ്റ്റിലായവര്‍ക്ക് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്.
‘ഈ ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ ഇന്ത്യാ രാജ്യത്ത് ജീവിച്ചിരിക്കുന്ന കാലത്തോളം, അവരുടെ കൊക്കിന് ജീവനുള്ള കാലത്തോളം ജപ്തിയുടെ പേരില്‍ ഒരാളും വഴിയാധാരമാകില്ല എന്ന് എസ്ഡിപിഐ പ്രഖ്യാപിക്കുകയാണ്’- എം.കെ.ഫൈസി പറഞ്ഞു. മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വലിയ അക്രമം അഴിച്ചു വിട്ടിരുന്നു. സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ക്കു പകരമായി നേതാക്കളുടെ വസ്തുവകകള്‍ ജപ്തി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫൈസിയുടെ പ്രതികരണം. 2022 സെപ്റ്റംബര്‍ 23 ലെ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്. സ്വത്തുക്കള്‍ കണ്ടുകെട്ടി റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ല തിരിച്ചു വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും പോലീസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതോടെയാണ് ചിലര്‍ പരസ്യ പ്രസ്താവനയുമായി എത്തിയത്.
നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം എസ്ഡിപിഐ കൂടി നിരോധിക്കുക എന്നാണെന്നാണ് മനസ്സിലാക്കേണ്ടത്. പക്ഷേ, രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ തന്നെ എസ്ഡിപിഐ നിരോധനം ഒരിയ്ക്കലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാത്രം പരിധിയില്‍ വരുന്ന കാര്യമല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ എന്തെങ്കിലും നടപടിയിലേക്ക് നീങ്ങാന്‍ കേന്ദ്രത്തിനാകില്ല.പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ തന്നെ എസ്ഡിപിഐ ലക്ഷ്യമിട്ടുള്ള നീക്കം കേന്ദ്രം ആരംഭിച്ചുകഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
നിലവില്‍ നിരോധിച്ച സംഘടനകളുടെ ഭാഗമായിരുന്ന തീവ്രനിലപാടുകാര്‍ എസ്ഡിപിഐയിലേക്ക് ചേക്കേറുമെന്നതാണ് ഇതിനായി കേന്ദ്രം ചൂണ്ടിക്കാട്ടാന്‍ പോകുന്ന പ്രധാന കാരണം. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആഭ്യന്തരമന്ത്രാലയം വിഷയം ചര്‍ച്ച ചെയ്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്ന നിലപാടാകും നടപടികളിലേക്ക് നീങ്ങുന്നതിന്റെ അടിസ്ഥാനം. വിദേശ ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും എസ്ഡിപിഐയ്‌ക്കെതിരെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നു. അതിനിടയിലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് എല്ലാ സഹായങ്ങളും എസ്ഡിപിഐ വാഗ്ദാനം ചെയ്യുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഭരണഘടനാ ലംഘനത്തിന്റെയോ സത്യപ്രതിജ്ഞ ലംഘനത്തിന്റേയോ അടിസ്ഥാനത്തില്‍ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. ഒരു പാര്‍ട്ടി അതിന്റെ രജിസ്‌ട്രേഷന്‍ നിയമവിരുദ്ധമായാണ് നേടിയെടുത്തതെന്ന് തെളിയുന്ന പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാനാകും. ഒരു രാഷ്ട്രീയ പാര്‍ട്ടി നിയമവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചാലും തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാം. നിശ്ചിത പാര്‍ട്ടി അതിന്റെ അഭ്യന്തര ഭരണഘടന ഭേദ?ഗതി ചെയ്യുകയോ ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരെ പ്രവര്‍ത്തിക്കുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ കേന്ദ്രത്തിന് ഇടപെടാം. ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണമാകും കേന്ദ്രം എസ്ഡിപിക്കെതിരെ ചൂണ്ടിക്കാട്ടാന്‍ പോകുന്നത്.