വി.ഡി സവര്‍ക്കറിനും ഹിന്ദു വലതുപക്ഷത്തിനുമെതിരായ ആക്രമണം ശക്തമാക്കി കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സവര്‍ക്കര്‍ ഹിന്ദുത്വത്തിന് ജന്മം നല്‍കിയതെന്ന് സിദ്ധരാമയ്യ പറഞ്ഞു.ദക്ഷിണ കന്നഡ ജില്ലയെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കി ബിജെപി മാറ്റിയിരിക്കുകയാണ്. സമീപകാലത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്രീയ അക്രമങ്ങള്‍ക്കും ജില്ല സാക്ഷ്യം വഹിച്ചിരുന്നു. കള്ളം പറയുക എന്നത് ബിജെപിയുടെ പ്രത്യേകതയാണ്.
ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആളാണ് സവര്‍ക്കര്‍. ഹിന്ദു മഹാസഭയുടെ സവര്‍ക്കറാണ് ഹിന്ദുത്വം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ട് ഹിന്ദു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനവ ഹിറ്റ്‌ലറും മുസോളിനിയും ആണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യക്ക് മറുപടിയുമായി ബി.ജെ.പി കര്‍ണാടക നേതൃത്വവും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്ലറോട് ഉപമിച്ചാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്. ഹിറ്റ്ലര്‍, ബെനിറ്റോ മുസ്സോളിനി, ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ഭരണവും മോദിയുടെ ഭരണവും തമ്മില്‍ സാമ്യമുണ്ട്. കുറച്ചുദിവസങ്ങള്‍ കൂടിയേ മോദിയുടെ ഭരണം നിലനില്‍ക്കൂ എന്നുംസിദ്ധരാമയ്യ പറഞ്ഞു.
”അദ്ദേഹം പ്രധാനമന്ത്രിയാണ്. വരട്ടെ, ഞങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് അദ്ദേഹം നൂറ് തവണയെങ്കിലും പറഞ്ഞാല്‍ അത് നടക്കില്ലെന്ന് ഞാന്‍ വ്യക്തമാക്കും. ആളുകള്‍ വിശ്വസിക്കില്ല. പക്ഷേ ഹിറ്റ്ലറിന് എന്ത് സംഭവിച്ചു? കുറച്ചുകാലം ആഡംബരത്തോടെ നടന്നു. മുസ്സോളിനിക്കും ഫ്രാങ്കോക്കും എന്ത് സംഭവിച്ചു? മോദിയും കുറച്ച് ദിവസത്തേക്ക് മാത്രമേ ഇതുപോലെ ചുറ്റിക്കറങ്ങുകയുള്ളൂ” -അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ വ്യക്തിത്വം രാജ്യത്തിനാകെ അറിയാമെന്നും ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തെ ദോഷകരമായി ബാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
”ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് മോദിയുടെ വ്യക്തിത്വം അറിയാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഒന്നും സംഭവിക്കില്ല. ഗുജറാത്തില്‍ പോലും അവര്‍ ഇങ്ങനെ സംസാരിച്ചു. എന്നിട്ടും അദ്ദേഹം പരമാവധി വോട്ടില്‍ വിജയിച്ചു. അത് തന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നത്” -മുഖ്യമന്ത്രി പറഞ്ഞു.