രണ്ടോ അതിലധികമോ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സിക്കിമിലെ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇവര്‍ക്ക് ശിശു സംരക്ഷണത്തിന് പണവും നല്‍കും. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ആണ് പ്രഖ്യാപനം നടത്തിയത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ശമ്പള വര്‍ദ്ധനയും മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നവര്‍ക്ക് രണ്ടിരട്ടി വര്‍ധനവും ആണ് നിര്‍ദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കുറഞ്ഞ ജനനനിരക്കും ജനസംഖ്യയിലെ കുറവും കാരണമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഫെര്‍ട്ടിലിറ്റി നിരക്ക് കുറവാണെന്നത് സിക്കിമില്‍ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് എന്നും ഇതിന് പരിഹാരം കാണാന്‍ ചില വഴികള്‍ തേടേണ്ടതുണ്ട് എന്നും ഗാംഗ്‌ടോക്കില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ തമാംഗ് പറഞ്ഞു. കേവലം 7 ലക്ഷം ആളുകളുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനമാണ് സിക്കിം. വര്‍ഷങ്ങളായി കുറഞ്ഞ സമ്പൂര്‍ണ ഫെര്‍ട്ടിലിറ്റി നിരക്കാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം, രാജ്യത്തെ ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് ഉള്ളത് സിക്കിമിലാണ്. 2022 ലെ കണക്കില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 1.1 ആണ്. അതായത് സിക്കമിലെ സ്ത്രീകള്‍ക്ക് ഒന്നില്‍ കൂടുതല്‍ കുട്ടികളില്ല എന്നര്‍ത്ഥം. 2022 ലെ ദേശീയ ഫെര്‍ട്ടിലിറ്റി നിരക്ക് സ്ത്രീക്ക് 2.159 ആയിരിക്കെ ആണ് ഈ കുറവ്. അതിനാലാണ് പുതിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ശിശു സംരക്ഷണത്തിനായി വനിതാ സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടില്‍ ചൈല്‍ഡ് കെയര്‍ അറ്റന്‍ഡര്‍മാരെ നല്‍കുമെന്ന് സിക്കിം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 40 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകളെ നിയമിച്ച് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടിലേക്ക് ശിശു സംരക്ഷണത്തിനായി അയക്കും.
ശിശു സംരക്ഷണ അറ്റന്‍ഡര്‍മാര്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കും. അതേസമയം രാജ്യത്തെ മൊത്തം ജനസംഖ്യാ നിരക്ക് കുറക്കുന്നതിനായി രണ്ട് കുട്ടികള്‍ മതി എന്ന നയം നടപ്പാക്കുന്നതിനിടെയാണ് ഒരു സംസ്ഥാനം രണ്ടിലേറെ കുട്ടികള്‍ക്കായി പ്രോത്സാഹനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നവംബറില്‍, സിക്കിം സ്ത്രീകള്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രസവാവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ പുരുഷന്മാര്‍ക്ക് ഒരു മാസത്തെ പിതൃത്വ അവധി, ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെ ഗര്‍ഭം ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങളും സിക്കിം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് കണ്ടാണ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍.