ഉന്നത വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും നിക്ഷേപ രംഗത്തുമെല്ലാം കേരളം മുന്നിലാണെന്ന പതിവു പല്ലവി ഇനിയും പറഞ്ഞാല്‍ ജനം രോഷാകുലരായി കളത്തിലിറങ്ങുമെന്ന് ഉറപ്പാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം കടക്കെണിയില്‍ മുങ്ങുമെന്നായപ്പോള്‍ കടം കൊടുത്തത് കേന്ദ്രസര്‍ക്കാറാണ്. സാമ്പത്തിക പ്രതിസന്ധിയ രൂക്ഷമാക്കാനിടയുള്ള സില്‍വര്‍ലൈന്‍ പദ്ധതിയ്്ക്ക് കടിഞ്ഞാണിട്ടതും ഇതേ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് നടക്കുന്ന ഉന്നത വിദ്യാഭ്യാസമേഖളയിലെയും കള്ളത്തരങ്ങള്‍ ഇനിയും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ തുറന്നടിച്ചപ്പോള്‍ നടപടിയെടുക്കാന്‍ കേന്ദ്രവും രംഗത്തുണ്ടാകുമെന്നും ഉറപ്പു നല്‍കിയതും ഇതേ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. പാവപ്പെട്ടവര്‍ക്ക് വെള്ളം, റേഷന്‍, ജോലി, യുവാക്കള്‍ക്ക് തൊഴില്‍ ഇതെല്ലാം നല്‍കുന്നതും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയിലൂടെയാണ്. ഈ കേന്ദ്രസര്‍ക്കാരിനെയാണ് വിമര്‍ശിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. കേരളം രാജ്യത്തിന് ബദലാണെന്ന് തെളിയിക്കുന്ന കണക്കുകളെന്ന് പറഞ്ഞാണ് സി പി എം സംസ്ഥാന സമിതി ചില കണക്കുകള്‍ പുറത്തുവിട്ടത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ സര്‍വേകളുടെയും ആഗോള സര്‍വേകളുടെയും കണ്ടെത്തലുകളില്‍ ഇന്ത്യയില്‍ കേരളമാണ് സാമൂഹിക – സാമ്പത്തിക മേഖലകളില്‍ ഒന്നാം സ്ഥാനത്താണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ദേശീയ കുടുംബാരോഗ്യ സര്‍വേയും, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇമ്പ്‌ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെയും, ഗ്ലോബല്‍ ഡാറ്റ ലാബിന്റെയും നീതി ആയോഗിന്റെയും കണക്കുകള്‍ പ്രകാരം വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ സമസ്ത മേഖലകളിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്നും സി പി എം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ഈ വളര്‍ച്ചയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി നടത്തുന്നത് എന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുകയുണ്ടായി. മറ്റ് ആരോപണങ്ങള്‍ ഇങ്ങനെ. ഗവര്‍ണറെ രാഷ്ട്രീയമായി ഉപയോഗിച്ച് കേരളത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കുള്ള മറുപടിയാണ് കേന്ദ്രത്തിന്റെ തന്നെ കണക്കുകള്‍ നല്‍കുന്നത്. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ ശക്തികളുടെ ഒരു നീക്കവും കേരളത്തിന്റെ സര്‍വ്വോന്മുഖമായ വികസനത്തിന് തടസ്സമാകില്ലെന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പറയുന്നതെന്നും സി പി എം വ്യക്തമാക്കുന്നു. നിരവദി കണക്കുകള്‍ ബോധ്യപ്പെടുത്തുന്ന കേരളത്തിലെ ഒരു കണക്ക് ഇവിടെ പറയാം.
ഗുജറാത്തില്‍ 72.9% സ്ത്രീകള്‍ സാക്ഷരരാണെങ്കില്‍ കേരളത്തില്‍ 95.4% സ്ത്രീകള്‍ സാക്ഷരരാണ്. അതിലും പ്രധാനമായി, ഗുജറാത്തിലെ 34% സ്ത്രീകള്‍ മാത്രമാണ് പത്തോ അതിലധികമോ വര്‍ഷം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടുള്ളത്. ഗുജറാത്തില്‍, 20-24 പ്രായപരിധിയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ ഏകദേശം 22% തങ്ങള്‍ 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരാണെന്ന് പറഞ്ഞു. ഇത് അഖിലേന്ത്യാ ശരാശരിയായ 23.3 ശതമാനത്തിന്റെ ഏതാണ്ട് അതേ അനുപാതമാണ്, എന്നാല്‍ കേരള ശരാശരിയേക്കാള്‍ നാലിരട്ടി കൂടുതലാണ് (6.3%). ‘ഗുജറാത്ത് മോഡലും’ കേരളത്തിന്റെ ജനാധിഷ്ഠിത വികസന പാതയും തമ്മിലുള്ള വ്യത്യാസത്തിന്റെ നേര്‍ക്കാഴ്ചയാണെന്നാണ് സി പി എം പറഞ്ഞത്. പിന്നാലെ ട്രോളുകളും ഉയര്‍ന്നു,. എന്നിട്ടാണോ സഖാക്കളെ ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നും ഒരു കൂട്ടര്‍ ബിജെപിയുടെ തട്ടകത്തിലേക്ക് പോയത് എന്നായിരുന്നു ചോദ്യം ഉയര്‍ന്നത്. മാത്രമല്ല, സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ കണക്കുകള്‍ പറയുന്ന കേരളം സ്ത്രീ സുരക്ഷയെക്കുറിച്ചും പറയണമെന്നും വിമര്‍ശനം ഉയരുകയാണ്.