മംഗ്ലൂരു സ്‌ഫോടന കേസില്‍ പിടിയിലായ ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാരിഖിന്റെ തീവ്രവാദ ബന്ധത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക പൊലീസ് എ ഡി ജി പി അലോക് കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്നതടക്കം അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മംഗലാപുരം നഗരത്തില്‍ വലിയ സ്‌ഫോടനത്തിനാണ് പ്രതി പദ്ധതിയിട്ടതെന്നും എന്നാല്‍ അബദ്ധത്തില്‍ ഓട്ടോറിക്ഷയില്‍ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും എ ഡി ജി പി വിശദീകരിക്കുകയുണ്ടായി. സ്‌ഫോടനത്തിന് പിന്നില്‍ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍, അബ്ദുള്‍ മദീന്‍ താഹ എന്നിവര്‍ക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി 5 സംഘങ്ങളായി തിരിഞ്ഞാണ് കര്‍ണാടക പൊലീസ് അന്വേഷണം നടത്തുന്നത്.
ഷാരിഖ് മാത്രമല്ല സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശിയായ സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്ന് എ ഡി ജി പി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുഖ്യ പ്രതി ഷാരിഖിന്റെ സഹായിയായ അബ്ദുള്‍ മദീന്‍ താഹയുടെ കുടുംബത്തിന്റെ പ്രതികരണമാണ് മതമൗലികവാദികളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്. മംഗളൂരു ഓട്ടോ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന അബ്ദുള്‍ മദീന്‍ താഹയെ രാജ്യത്തിന് ശിക്ഷിക്കാം എന്നാണ് കുടുംബം പറഞ്ഞിരിക്കുന്നത്. അവരുടെ വാക്കുകള്‍ ഇങ്ങനെ. അബ്ദുള്‍ മദീന്‍ താഹയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ടിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പാണ് താഹയെ കാണാതായത്. പിന്നീട് അവനെ കണ്ടിട്ടില്ല. എവിടെയാണെന്നറിയില്ലെന്നും താഹയുടെ മാതാവ് പറഞ്ഞു.ബെംഗളൂരുവില്‍ എഞ്ചിനീയിറിംഗ് പഠിച്ച വ്യക്തിയാണ്.
പഠനശേഷം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. പിന്നെ കാണാതായി. എന്തെങ്കിലും തെറ്റ് താഹ ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവന്‍ ശിക്ഷിക്കപ്പെടണം എന്നാണ് താഹയുടെ കുടുംബം പ്രതികരിച്ചത്. 29-കാരനായ താഹ ഏറ്റവും മൂത്ത മകനാണ്. അവന് ഒരു സഹോദരനും സഹോദരിയുമുണ്ട്. കുടുംബത്തില്‍ എല്ലാവരോടും വലിയ സ്നേഹമായിരുന്നു. എന്തിനാണ് അവന്‍ ഈ തെറ്റെല്ലാം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അവനെക്കുറിച്ച് ഓര്‍ത്ത് ദുഃഖിക്കാത്ത ദിവസമില്ല. അവന്റെ തിരോധാനം ഏറെ സങ്കടത്തിലാഴ്ത്തിയെന്നും താഹയുടെ മാതാവ് പറഞ്ഞു. രാജ്യമാണ് ഈ കുടുംബത്തിന് പ്രധാനം. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് ഈ കുടുംബം പറയുന്നത്. ഇതാണ് മതമൗലികവാദികളെ വെട്ടിലാക്കിയിരിക്കുന്നത്. അതേ സമയം താഹയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് കര്‍ണ്ണാടക പോലീസ്. മംഗളൂരു ഓട്ടോ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പോലീസിന്റെ പരിശോധന നടക്കുകയാണ്.
സ്ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിക്കിന്റെ ബന്ധുവീടുകളിലും ഇതേ സമയം റെയ്ഡ് നടക്കുന്നുണ്ട്. കര്‍ണാടക ആഭ്യന്തരമന്ത്രിയും ഡിജിപിയും മംഗളൂരുവില്‍ എത്തി എന്നാണ് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയും കേസില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ എന്‍ഐഎ ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നുണ്ട്. മംഗളൂരുവിലും മൈസൂരുവിലുമാണ് എന്‍ഐഎ റെയ്ഡ്. വൈകാതെ തന്നെ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. സ്ഫോടനം സംഭവിച്ച ആദ്യ ദിനം തന്നെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിരുന്നു. മംഗളൂരു സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത ജാഗ്രതയാണ് തുടരുന്നത്. തന്ത്രപ്രധാനമായ നഗരങ്ങളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.