കഴിഞ്ഞ കുറെകാലമായി വിഴിഞ്ഞത്ത് നടക്കുന്ന സമരം ഇപ്പോള്‍ അക്രമാസക്തമാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുമെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് അടിവരയിട്ട് പറഞ്ഞിരിക്കുകയാണ്. ഇതു സര്‍ക്കാരിനെതിരെയുള്ള നീക്കമല്ല. നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തടയാനുള്ള നീക്കങ്ങള്‍ ഏതു വേഷത്തില്‍ വന്നാലും അംഗീകരിക്കില്ല. സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ട. നാല് തെറി പറയാന്‍ ചിലര്‍ക്ക് കഴിയുമായിരിക്കും. അതെല്ലാം സമൂഹം വിലയിരുത്തും എന്നും മുഖ്യന് പറയുകയുണ്ടായി. അതേ സമയം ഇപ്പോള്‍ വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ നിര്‍ണ്ണായക ഹൈക്കോടതി വിധി വരാനിരിക്കെ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് പ്രദേശത്ത് ഇന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. തീരദേശത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രദേശത്ത് കലാപ സാധ്യത മുന്നില്‍ കണ്ട് മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ പോലീസിനെ വിഴിഞ്ഞത്തേയ്ക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വിഴിഞ്ഞത്തും പോലീസ് സ്റ്റേഷന് പരിസരത്തും 700 പോലീസുകാരെയാണ് അധികമായി ഏര്‍പ്പെടുത്തിയത്.കൂടാതെ തീരത്ത് അക്രമ സാധ്യത നിലനില്‍ക്കുന്ന സ്റ്റേഷനുകളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം,അഞ്ചുതെങ്ങ്, പുന്തുറ, കൊച്ചുതുറ , സ്റ്റേഷന് പരിധികളില്‍ 250 ഓളം അധിക പോലീസിനെയും വിന്യസിക്കും. കഴിഞ്ഞ ദിവസങ്ങളിലെ പോലുള്ള അക്രമ സാഹചര്യം ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് . അതേസമയം വരും ദിവസങ്ങളില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് ജെ നെറ്റോ,സഹായ മെത്രാന് ആര് ക്രിസ്തുദാസ്, വികാരി ജനറല്‍ യൂജിന്‍ പെരേര , തീയോഡീഷ്യസ് തുടങ്ങിയ വൈദികന്മാര്ക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത.
ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് പോലീസ് സുരക്ഷാക്രമീകരണം ശക്തമാക്കിയത്. അതേ സമയം വിഴിഞ്ഞത്ത് സമരക്കാര്‍ പോലീസ് സ്റ്റേഷന് കത്തിച്ച സംഭവത്തില്‍ എന്‍ ഐ എ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. വിഴിഞ്ഞത്ത് ദേശീയ അന്വേഷണ ഏജന്‍സി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകാന്തും സംഘവുമെത്തിയത് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യനീക്കം സംസ്ഥാനവ്യാപകമായുണ്ടെന്ന വിവരത്തിന്റെകൂടി അടിസ്ഥാനത്തിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും ഇവരുടെ നീക്കങ്ങള്‍ സ്ഥിരീകരിച്ച എന്‍.ഐ.എ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ കോവളം,തിരുവല്ലം,കരമന,പൂന്തുറ എന്നിവിടങ്ങളിലും നിരീക്ഷണം നടത്തി.
എന്‍.ഐ.എ ഡല്‍ഹി ആസ്ഥാനത്ത് നിന്നെത്തിയ ഉദ്യോഗസ്ഥരും നിരീക്ഷണത്തിനുണ്ടായിരുന്നു. നാലു ദിവസമായി എന്‍.ഐ.എ സംഘം സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നുണ്ട്. എറണാകുളം,ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് ദേശീയ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റ കൂടി അടിസ്ഥാനത്തില്‍ സംഘം വിഴിഞ്ഞത്തെത്തിയത്. സമരസമിതിയില്‍ മുന്‍ പി.എഫ്.ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസങ്ങളില്‍ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വിഴിഞ്ഞത്തോടു ചേര്‍ന്നുള്ള തമിഴ്നാട്ടിലെ തീരപ്രേദേശങ്ങളിലും പരിശോധന വ്യാപകമാക്കും. വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചും വ്യാപക പരിശോധന നടത്താനാണ് തീരുമാനം.