പഞ്ചാബില്‍ ഓരോ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടു പോകുകയും സ്ത്രീ വോട്ടുകള്‍ക്കായി ഘോരഘോര പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാനത്തെ 2.12 കോടി വോട്ടര്‍മാരില്‍ പകുതിയോളമുള്ള സ്ത്രീകള്‍ക്ക് ആനുപാതികമായി ഒരു പാര്‍ട്ടി പോലും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല.
ശിരോമണി അകാലിദള്‍ – ബിഎസ്പി സഖ്യത്തില്‍ പ്രഖ്യാപിച്ച 117 സ്ഥാനാര്‍ത്ഥികളില്‍ അഞ്ചു പേരാണ് സ്ത്രീകള്‍. അഞ്ചില്‍ നാലു പേര്‍ 97 സീറ്റുകളില്‍ മത്സരിക്കുന്ന അകാലിദളിന്റെയും ഒരാള്‍ 20 സീറ്റുകളില്‍ മത്സരിക്കുന്ന ബിഎസ്പിയുടെയും ഭാഗമാണ്. സ്ത്രീകളെ കേന്ദ്രീകരിച്ച് വന്‍ പ്രചാരണം യുപിയില്‍ നടത്തിയ കോണ്‍ഗ്രസ്, 109 സീറ്റുകള്‍ പ്രഖ്യാപിച്ചതില്‍ 11 സീറ്റുകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് അവസരം നല്‍കിയത്. ഇവരുടെ വാഗ്ദാനം തന്നെ നാല്‍പത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കുമെന്നായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമെന്ന് എപ്പോഴും എടുത്തുകാട്ടുന്ന എഎപി 12 ശതമാനം സീറ്റുകളാണ് സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം ബിജെപി – അമരീന്ദര്‍ സിംഗ് നയിക്കുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസ് 106 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപച്ചപ്പോള്‍ എട്ടു സ്ത്രീകള്‍ക്കാണ് അവസരം നല്‍കിയത്.
ഓരോ പാര്‍ട്ടിയും സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ച സീറ്റുകളുടെ എണ്ണം കുറവാണെങ്കിലും അവരുടെ വോട്ടുകള്‍ക്കായി സംസാരിക്കാന്‍ ആര്‍ക്കും മടിയില്ല. നിരവധി വാഗ്ദാനങ്ങളുമായാണ് ഓരോ പാര്‍ട്ടിയും സ്ത്രീ വോട്ടുകള്‍ക്കായി പ്രചരണം നടത്തുന്നത്. നീല റേഷന്‍ കാര്‍ഡുള്ള ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപ നല്‍കുമെന്നാണ് ശിരോമണി അകാലിദള്‍ നേതാവ് സുക്ബീര്‍ സിംഗ് ബാദലിന്റെ വാഗ്ദാനമെങ്കില്‍ പതിനെട്ടിനും അതിന് മുകളിലും പ്രായമുള്ള ഓരോ വനിതയ്ക്കും മാസം ആയിരം രൂപ വീതം നല്‍കുമെന്നാണ് എഎപിയുടെ അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കുകയാണെങ്കില്‍ പഞ്ചാബിലെ ഓരോ വീട്ടമ്മമാര്‍ക്കും മാസം രണ്ടായിരം രൂപ വീതം നല്‍കുമെന്നും ഒപ്പം സൗജന്യമായി എട്ടു പാചകവാതക സിലിണ്ടര്‍ നല്‍കുമെന്നുമാണ് പിപിസിസി അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധുവിന്റെ വാഗ്ദാനം.